താമരശ്ശേരി: കോഴിക്കോട്–കൊല്ലഗൽ ദേശീയ പാത (766) വികസനം അട്ടിമറിച്ച് കോഴിക്കോട് മുതൽ മുത്തങ്ങ വരെ ഗതി തിരിച്ചു വിടാൻ നീക്കം നടക്കുന്നതായി സൂചന. ഇതിന്റെ ഭാഗമാണത്രേ ദേശീയപാത നാലുവരിയാക്കി മാറ്റുന്നതിനുള്ള നടപടികൾ ഇഴഞ്ഞു നീങ്ങുന്നത്. കൊടുവള്ളി, താമരശ്ശേരി, വയനാട് ചുരം, മീനങ്ങാടി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ ബൈപാസ് നിർദേശവുമായി ദേശീയപാത നാലുവരി പാതയാക്കുന്നതിനുള്ള ഡിപിആർ തയാറാക്കാൻ മൂന്നു തവണ ടെൻഡർ നൽകിയിട്ടും നടപടിയാകാതെ കിടക്കുന്നത് ദേശീയപാതയുടെ ഗതിതിരിച്ചു വിടുന്നതിനുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്ന സംശയം ബലപ്പെടുത്തുന്നതാണ്.

കോഴിക്കോട് നിന്ന് മൈസൂർ വരെ നിലവിലുള്ള ദേശീയപാതയുടെ വികസനം തടസ്സപ്പെടുത്തി ദേശീയപാത തിരിച്ചു വിടുന്നത് മൂലം ഈ രണ്ട് ജില്ലകളിലെയും പ്രധാന പട്ടണങ്ങായ കുന്നമംഗലം, കൊടുവള്ളി, താമരശ്ശേരി, ഈങ്ങാപ്പുഴ, അടിവാരം, ചുണ്ട, വൈത്തിരി, കൽപറ്റ എന്നിവിടങ്ങളിൽ ഉണ്ടാവുന്ന പ്രത്യാഘാതം വലുതാണ്. ഈ പട്ടണങ്ങൾ ഒഴിവാക്കി സമാന്തരമായി ദേശീയപാത മേപ്പാടി വഴി തിരിച്ചു വിടുന്നതിനുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നത്.

ഈ ദേശീയപാതയിലെ വ്യാപര മേഖലയാണു ഈ നടപടിയുടെ പ്രധാന ഇരയാവുക. കാലക്രമേണ ഈ പട്ടണങ്ങൾ ആളനക്കമില്ലാത്ത അവസ്ഥയിലാവുകയാവും . വയനാട് ചുരത്തിൽ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമായ നിർദിഷ്ട വയനാട് ബൈപാസ് യാഥ്യർഥ്യമാകുന്നതോടെ കോഴിക്കോട് കൊല്ലഗൽ ദേശീയപാത വയനാടിന്റെ വികസന മുന്നേറ്റ പാതയാവുന്ന സാഹചര്യത്തിലാണ് ഈ അട്ടിമറി നീക്കം നടക്കുന്നത്. ജനപ്രതിനിധികളിൽ ചിലരും ഇതിനായി അണിയറയിൽ കരുക്കൾ നീക്കി വരുന്നതായിട്ടറിയുന്നു.

"കഴിഞ്ഞ സെപ്റ്റംബറിലാണ് ദേശീയപാത നാലുവരിയാക്കുന്നതിനുള്ള ആദ്യ ടെൻഡർ ക്ഷണിച്ചത്. നേരത്തെയുള്ള അലൈൻമെന്റ് പുതുക്കൽ, മണ്ണ് പരിശോധന, ജിപിആർഎസ് സർവേ എന്നിവ നടത്തി ഡിപിആർ തയാറാക്കനായിരുന്നു ടെൻഡർ ക്ഷണിച്ചത്. ഡൽഹി ആസ്ഥാനമായ സിവിൽ മന്ത്ര കരാർ കമ്പനി ടെൻഡർ നേടിയെങ്കിലും ഇത് കാൻസൽ ചെയ്ത് നാഷനൽ ഹൈവേ അതേറിറ്റി ഓഫ് ഇന്ത്യ വീണ്ടും ടെൻഡർ ക്ഷണിച്ചു.

ഈ ടെൻഡർ കാലാവധി കഴിഞ്ഞ ഏപ്രിൽ 6 ആയിരുന്നങ്കിലും തുടർനടപടികൾ ഇഴഞ്ഞു നീങ്ങുകയും ദുരൂഹാവസ്ഥയിലുമാണ്. ദേശീയപാത വിഭാഗം ആദ്യം ക്ഷണിച്ച ടെൻഡർ അളില്ലെന്ന് പറഞ്ഞ് റദ്ദാക്കിയിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രധാനമായ ഈ അന്തർ സംസ്ഥാന ദേശീയപാതയുടെ വികസനം അട്ടിമറിക്കുന്നതിനെതിരെ കാര്യങ്ങൾ നല്ലത് പോലെ അറിയുന്ന ജനപ്രതിനിധികൾ പോലും ഇതുവരെ രംഗത്ത് എത്തിയിട്ടല്ലന്നതാണ് ഏറെ ആശ്ചര്യകരം.