തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ ഇ.ഡി റെയ്ഡിനിടെ ഉണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന 300 പേർക്കെതിരെ പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇഡി സംഘത്തെ മാരകായുധങ്ങളുമായി അക്രമിച്ചെന്നാണ് എഫ്ഐആറിലുള്ളത്. വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, മാരകായുധങ്ങളുമായി സംഘം ചേരൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറുടെ പരാതിയിലാണ് നടപടി. പ്രതികൾ മാരകായുധങ്ങളുമായി സംഘം ചേരുകയും ഇവന്മാരെ കൊല്ലെടാ എന്ന് ആക്രോശിച്ച് ഉദ്യോഗസ്ഥർ സഞ്ചരിച്ച കാറുകൾ ആക്രമിക്കുകയുമായിരുന്നു എന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. അക്രമികൾ വടി ഉപയോഗിച്ച് ഇഡി ഉദ്യോഗസ്ഥന്റെ കൈക്ക് പരിക്കേൽപ്പിച്ചു. കാർ ഡ്രൈവറെ ഇഷ്ടിക ഉപയോഗിച്ച് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ച പോലീസ്, സിആർപിഎഫ് ഉദ്യോഗസ്ഥരെ വടികളും കല്ലുകളും ഉപയോഗിച്ച് ആക്രമിച്ചതായും എഫ്ഐആറിലുണ്ട്. ആക്രമണത്തിൽ മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് ഉണ്ടായ ആക്രമണം ആസൂത്രിതമാണെന്നാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വിലയിരുത്തൽ. യാതൊരു പ്രകോപനവുമില്ലാതെ ഇഷ്ടികകളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ചാണ് ജനക്കൂട്ടം കാറുകൾ തകർത്തത്. ഇത് സ്വാഭാവിക പ്രതികരണമല്ലെന്നും കൃത്യമായ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു. അക്രമത്തിൽ ഇഡി സെർച്ച് ടീമും സിആർപിഎഫ് ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന മൂന്ന് കാറുകൾ തകർന്നു. ഒരു കാർ ഡ്രൈവർക്ക് കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇഡി കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് റെയ്ഡിനെത്തിയതെന്നും സിആർപിഎഫ് ഉദ്യോഗസ്ഥർ ജനക്കൂട്ടത്തിന് നേരെ യാതൊരുവിധ പ്രകോപനവും നടത്തിയിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു