ന്യൂഡൽഹി: എംബിബിഎസ് ഉൾപ്പെടെയുള്ള മെഡിക്കൽ കോഴ്സുകൾക്കുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് യുജി പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർത്തിയ സംഭവത്തിൽ പ്രധാന പ്രതികളിലൊരാളുടെ വാട്സാപ്പ് ചാറ്റുകൾ പുറത്ത്. പണം നൽകിയാൽ ചോദ്യപ്പേപ്പർ നൽകാമെന്നും 500 മുതൽ 600 മാർക്ക് വരെ ഉറപ്പാണെന്നുമാണ് നാസിക്കിൽ അറസ്റ്റിലായ ശുഭം ഖൈർനാറിന്റെ ചാറ്റുകളിൽ പറയുന്നത്. ചോദ്യപ്പേപ്പർ വിൽപ്പനയിലൂടെ പ്രതികൾ ലക്ഷങ്ങൾ സ്വന്തമാക്കിയെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. കേസ് സിബിഐ അന്വേഷിക്കുകയാണ്.
മെയ് മൂന്നിനായിരുന്നു 22 ലക്ഷം വിദ്യാർഥികൾ നീറ്റ് യുജി പരീക്ഷ എഴുതിയത്. ഇതിന്റെ ചോദ്യപ്പേപ്പറുകൾ ഏപ്രിൽ 29ഓടെ തന്നെ പ്രതികളുടെ കയ്യിലെത്തിയതായാണ് നിഗമനം. ശുഭം ഖൈർനാർ കൂട്ടുപ്രതികൾക്ക് അയച്ച വാട്സാപ്പ് സന്ദേശങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളുള്ളത്. 500 മുതൽ 600 മാർക്ക് വരെ ഉറപ്പാണെന്ന് ഖൈർനാർ പറയുന്നുണ്ട്. ഇയാൾക്ക് വലിയ ക്രിമിനൽ ശൃംഖലയുമായി ബന്ധമുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. ആകെ 720 മാർക്കിനാണ് പരീക്ഷ.
നാസിക്കിലെ ഇന്ദിരാനഗർ സ്വദേശിയായ 30കാരനായ ശുഭം ഖൈർനാർ ബിഎഎംഎസ് വിദ്യാർഥിയാണ്. പുനെ കേന്ദ്രീകരിച്ചുള്ള ഒരാൾ വഴിയാണ് ഇയാൾ നീറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പർ സ്വന്തമാക്കിയതെന്നാണ് വിവരം. ഇത് പിന്നീട് മറ്റ് പ്രതികൾക്ക് കൂടുതൽ പണം നൽകി വിൽക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്‌ത ബിജെപി നേതാവും കുടുംബാംഗങ്ങളും റിമാൻഡിലാണ്. ജയ്പുരിലെ ജംവാൽരാംഗഡിൽ നിന്ന് യുവമോർച്ച നേതാവ് ദിനേശ് ബിവാൾ, സഹോദരൻ മംഗിളാൾ ബിവാൾ, ദിനേശിന്റെ മകൻ വികാസ് ബിവാൾ എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ആദ്യം പിടിയിലായ സിക്കറിൽ കരിയർ കൗൺസിലറായി ജോലിചെയ്യുന്ന രാകേഷ് കുമാറിൽനിന്ന് സഹോദരങ്ങൾ 30 ലക്ഷം രൂപയ്ക്ക് ചോദ്യപേപ്പർ വാങ്ങിയതായാണ് വിവരം. നേരത്തെ കസ്റ്റഡിയിൽ എടുത്ത ധനഞ്ജയ് ലോഖണ്ഡെ, മനീഷ വാഗ്മാരെ എന്നിവരുടെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തിയതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. രാജസ്ഥാനിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും മൂന്ന് പേർ വീതം, ഹരിയാനയിൽ നിന്ന് ഒരാൾ എന്നിങ്ങനെയാണ് അറസ്റ്റിലായത്. ചോദ്യപേപ്പർ ചോർത്തിയതിന് പിന്നാലെ റദ്ദാക്കിയ ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് ജൂൺ 21ന് വീണ്ടും നടത്തും. വിദ്യാർഥികൾ പരീക്ഷക്കായി വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. നീറ്റ് പരീക്ഷ സംബന്ധിച്ച് വിദ്യാർഥികളും രക്ഷിതാക്കളും ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങൾ മാത്രമേ ആശ്രയിക്കാവൂവെന്നും അഭ്യൂഹങ്ങൾ ഒഴിവാക്കണമെന്നും എൻടിഎ അറിയിച്ചു. പഴയ രജിസ്ട്രേഷൻ, പരീക്ഷാ കേന്ദ്രങ്ങൾ, വിദ്യാർഥികൾ നൽകിയ വിവരങ്ങൾ എന്നിവ നിലനിൽക്കുമെന്നും പുതിയ രജിസ്ട്രേഷന്റെറെ ആവശ്യമില്ലെന്നും പരീക്ഷക്ക് അധിക ഫീസ് ഈടാക്കില്ലെന്നും എൻടിഎ നേരത്തെ അറിയിച്ചിരുന്നു.