തിരുവനന്തപുരം : ഐപിഎൽ 2026 സീസണിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കാൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ പ്ലേ ഓഫ് പോരാട്ടം കടുക്കുന്നു. മിക്ക ടീമുകൾക്കും ഇനി മൂന്ന് മത്സരങ്ങൾ വീതമാണ് അവശേഷിക്കുന്നത്. ഇതിനോടകം മുംബൈ ഇന്ത്യൻസും ലഖ്‌നൗ സൂപ്പർ ജയന്റ്‌സും ടൂർണമെന്റിൽ നിന്ന് പുറത്തായി. പ്ലേ ഓഫ് സാധ്യതകളിൽ നിലവിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു, സൺറൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റൻസ് എന്നിവരാണ് മുൻപന്തിയിലുള്ളത്.
ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 11 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുള്ള ഈ മൂന്ന് ടീമുകൾക്കും പ്ലേ ഓഫിലെത്താൻ 80 ശതമാനത്തിലധികം സാധ്യതയുണ്ട്. ഗുജറാത്തിന് 80.2%, ബെംഗളൂരുവിന് 80.1%, ഹൈദരാബാദിന് 80% എന്നിങ്ങനെയാണ് സാധ്യത. തുടർച്ചയായ തോൽവികൾക്കിടയിലും 13 പോയിന്റുള്ള പഞ്ചാബ് കിങ്‌സിന് 62.5 ശതമാനം സാധ്യത ഇപ്പൊഴുമുണ്ട്. ചെന്നൈ സൂപ്പർ കിങ്‌സും രാജസ്ഥാൻ റോയൽസും നിലവിൽ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. അഞ്ചാം സ്ഥാനത്തുള്ള ചെന്നൈക്ക് പ്ലേ ഓഫിലെത്താൻ 42.7 ശതമാനം സാധ്യത മാത്രമാണുള്ളത്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും ജയിച്ചാൽ മാത്രമേ ചെന്നൈക്ക് സുരക്ഷിതമായി പ്ലേ ഓഫിലെത്താൻ സാധിക്കൂ.
രാജസ്ഥാൻ റോയൽസിന്റെ സാധ്യത 41.8 ശതമാനമാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തുടർച്ചയായ ജയങ്ങളുണ്ടെങ്കിലും 11.6% സാധ്യത മാത്രം. ഡൽഹി ക്യാപിറ്റൽസ് സാങ്കേതികമായി പുറത്തായിട്ടില്ലെങ്കിലും 1.2% സാധ്യതയുമായി പട്ടികയിൽ ഏറ്റവും പിന്നിലാണ്. പത്ത് ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ കുറഞ്ഞത് 16 പോയിന്റുകൾ നേടുന്ന ടീമുകൾക്കേ പ്ലേ ഓഫ് ഉറപ്പിക്കാൻ സാധിക്കൂ. വരും ദിവസങ്ങളിലെ മത്സരഫലങ്ങളും നെറ്റ് റൺറേറ്റും അവസാന നാല് ടീമുകളെ തീരുമാനിക്കുന്നതിൽ നിർണായകമാകും.