വയനാട്: ഹാഷിഷ് ഓയിലുമായി കോഴിക്കോട് സ്വദേശികളായ മൂന്നുപേർ പിടിയിൽ. നന്മണ്ട സ്വദേശികളായ മീത്തലെ അരയണ വീട്ടിൽ കെ.കെ നിഹാൽ (25), മാധവം വീട്ടിൽ ഗൗതം ദിനേശ് (24), കാക്കൂർ ചാലം കൊട്ട് മലയിൽ വീട്ടിൽ അബ്ദുൾ ഹാദി റിയാസ് (25) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 2.95 ഗ്രാം ഹാഷിഷ് ഓയിൽ പോലീസ് പിടികൂടി.

ലക്കിടിയിൽ പോലീസ് പട്രോളിങ്ങിനിടെയാണ് പിടിയിലായത്. വാഹനം നിർത്തിയിട്ട് റോഡരികിൽ നിൽക്കുകയായിരുന്ന യുവാക്കൾ പോലീസിനെ കണ്ടതോടെ പെട്ടെന്ന് വാഹനത്തിൽ കയറി പോകാൻ ശ്രമിച്ചു. സംശയം തോന്നിയ പോലീസ് നടത്തിയ പരിശോധനയിലാണ് അബ്ദുൾ ഹാദി റിയാസിന്റെ പാന്റിന്റെ പോക്കറ്റിൽ പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിച്ച നിലയിൽ ഹാഷിഷ് ഓയിൽ കണ്ടെടുത്തത്.

വൈത്തിരി സ്റ്റേഷൻ എസ്.എച്ച്.ഒ കെ.കെ സോബിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.