വയനാട്: പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഗർഭിണിക്ക് ഇൻജക്ഷൻ മാറി നൽകിയെന്ന പരാതിയിൽ അസിസ്റ്റന്റ് സർജനെ സസ്പെൻഡ് ചെയ്തു.
രണ്ട് ദിവസം മുൻപാണ് പരാതി ഉയർന്നത്. രോഗിക്ക് ആവശ്യമായിരുന്ന അയൺ സുക്രോസ് (Iron Sucrose) ഇൻജക്ഷന് പകരം ഐ.ഡി.ആർ.വി (IDRV) ഇൻജക്ഷൻ കുറിച്ചു നൽകിയതായി അന്വേഷണ റിപ്പോർട്ടിൽ ബോധ്യപ്പെട്ടു.
ഗർഭിണിയായ രോഗിക്ക് മരുന്ന് നിർദേശിക്കുന്നതിൽ അതീവ ജാഗ്രത പാലിക്കേണ്ടിടത്ത് ഉണ്ടായത് ഗുരുതരമായ അശ്രദ്ധയും കൃത്യവിലോപവുമാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി ഉത്തരവിൽ പറയുന്നു. ഇതിനെ തുടർന്നാണ് പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജനായ ഡോ. അനൂപ് കെ യെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.
പരാതിയും അന്വേഷണ റിപ്പോർട്ടുകളും പരിശോധിച്ച ശേഷമാണ് ജില്ലാ മെഡിക്കൽ ഓഫീസർ സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്