കൊച്ചി: മൂന്നുപേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത്. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും. അന്വേഷണത്തോട് സഹകരിക്കുമെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം. വാഹനത്തിന്റെ വേഗത ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി പോലീസ് ജാമ്യാപേക്ഷയെ എതിർക്കും. അപകടസമയത്ത് വാഹനം 160 കിലോമീറ്ററിലധികം വേഗതയിലായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ വാഹനത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. ഇയ്യാസ്, ദേവിക, ഗോപിക എന്നിവരാണ് മരിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ചായക്കടയിൽ നിന്ന് ചായ കുടിച്ചശേഷം അത്താണി ഭാഗത്തേക്ക് പോകുകയായിരുന്നു മൂന്നുപേരും. ഇതിനിടെ അമിതവേഗതയിലെത്തിയ മിനി കൂപ്പർ ഇവർ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. സുഹൈലിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.