ലഖ്‌നൗ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കോടതി കുറ്റവിമുക്തനാക്കി. ഉത്തർപ്രദേശിലെ സുൽത്താൻപൂർ എംപി-എംഎൽഎ പ്രത്യേക കോടതിയാണ് ഇന്ന് വിധി പ്രസ്താവിച്ചത്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ശുഭം വർമ്മയാണ് വിധി പറഞ്ഞത്. വിധി കേൾക്കാൻ രാഹുൽ ഗാന്ധി നേരിട്ട് കോടതിയിൽ ഹാജരായിരുന്നു.

2018-ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബെംഗളൂരുവിൽ നടത്തിയ റാലിയിൽ അമിത് ഷായെ 'കൊലക്കേസ് പ്രതി' എന്ന് വിളിച്ചുവെന്നാണ് കേസ്.

ബിജെപി അധ്യക്ഷൻ കൊലക്കേസ് പ്രതിയാണ് എന്ന് ജനങ്ങൾ മറന്നിരിക്കുന്നു. അതൊരു സത്യമാണ്. അദ്ദേഹത്തിന്റെ പാർട്ടിയാണ് മാന്യതയെ കുറിച്ച് സംസാരിക്കുന്നത് - എന്നായിരുന്നു രാഹുലിന്റെ പരാമർശം.

സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസുമായി ബന്ധപ്പെട്ടായിരുന്നു പരാമർശം. ഈ കേസിൽ അമിത് ഷാ പ്രതിയായിരുന്നെങ്കിലും 2014-ൽ സിബിഐ പ്രത്യേക കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.

ബിജെപി നേതാവും സുൽത്താൻപൂർ ജില്ലാ സഹകരണ ബാങ്ക് മുൻ ചെയർമാനുമായ വിജയ് മിശ്രയാണ് 2018 ഓഗസ്റ്റ് 4-ന് രാഹുലിനെതിരെ പരാതി നൽകിയത്. ഐപിസി 499, 500 വകുപ്പുകൾ പ്രകാരം ക്രിമിനൽ മാനനഷ്ടക്കേസാണ് എടുത്തത്.

രാഹുലിന്റെ പരാമർശങ്ങൾ അപകീർത്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റവിമുക്തനാക്കിയത്.