കൊച്ചി: ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ആഡംബര കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ അഡീഷണൽ ജില്ലാ ജഡ്ജി റെനോ ഫ്രാൻസിസ് സേവ്യറിനെതിരെ കേസെടുത്തു. അപകടമുണ്ടാക്കിയ ബെൻസ് കാർ ജഡ്ജിയുടെ പേരിൽ രജിസ്റ്റർ ചെയ്തതായതിനാൽ വാഹന ഉടമയെന്ന നിലയിൽ മോട്ടോർ വാഹന നിയമപ്രകാരമാണ് കേസെടുത്തത്.
ഞായറാഴ്ച പുലർച്ചെ കൊച്ചി ചേരാനല്ലൂർ കണ്ടെയ്നർ റോഡിലാണ് ദാരുണാപകടമുണ്ടായത്. ജഡ്ജിയുടെ 17 വയസ്സുകാരനായ മകൻ ഓടിച്ച ബെൻസ് കാർ സ്കൂട്ടറിന് പിന്നിലിടിച്ച് ചിറ്റൂർ സ്വദേശിയായ ജയബാലകൃഷ്ണനാണ് മരിച്ചത്. തട്ടുകട നടത്തി ഉപജീവനം നടത്തിയിരുന്ന ജയബാലകൃഷ്ണൻ കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.
മാതാപിതാക്കൾ അറിയാതെയാണ് ഫ്ലാറ്റിൽനിന്ന് കാർ എടുത്തതെന്നാണ് പതിനേഴുകാരൻ പൊലീസിന് നൽകിയ മൊഴി. എന്നാൽ, ലൈസൻസില്ലാത്ത പ്രായപൂർത്തിയാകാത്തയാൾ വാഹനം ഓടിച്ച സംഭവത്തിൽ വാഹന ഉടമക്കും ഉത്തരവാദിത്തമുണ്ടെന്ന നിലയിലാണ് കേസ്.
അപകടത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത പതിനേഴുകാരനെ ആദ്യം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. മരിച്ച ജയബാലകൃഷ്ണന്റെ കുടുംബാംഗങ്ങൾ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചതോടെ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ഉൾപ്പെടെ ചുമത്തി വീണ്ടും കസ്റ്റഡിയിലെടുത്തു. എന്നാൽ, രാത്രി 12 മണിയോടെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ പതിനേഴുകാരന് ജാമ്യം അനുവദിച്ചു.
പതിനേഴുകാരനെ ആദ്യം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതടക്കമുള്ള പൊലീസ് നടപടികളിലെ വീഴ്ചയും അന്വേഷണവിധേയമാകും. അപകടത്തിൽ ഉത്തരവാദികളായ എല്ലാവർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും നീതി ലഭിക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും ജയബാലകൃഷ്ണന്റെ കുടുംബം വ്യക്തമാക്കി.