കോഴിക്കോട്: കുറ്റ്യാടി പോലീസ് സ്റ്റേഷന് മുന്നിൽ അർദ്ധരാത്രി ലഹരിസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ.  സംഭവവുമായി ബന്ധപ്പെട്ട് ലഹരി റാക്കറ്റിലെ മുഖ്യകണ്ണിയായ  ആൽബിൻ സെബാസ്റ്റ്യൻ ഉൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ പന്ത്രണ്ട് മണിക്ക് ശേഷമാണ് സംഭവം നടന്നത്. 

ലഹരിസംഘങ്ങൾ തമ്മിലുണ്ടായ വൻ സംഘർഷത്തിലും അക്രമത്തിലും ചിലർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ലഹരിസംഘങ്ങൾ തമ്മിലുള്ള തർക്കത്തിനൊടുവിൽ ഒരു സംഘം കാർ കുറ്റ്യാടി പോലീസ് സ്റ്റേഷൻ വളപ്പിലേക്ക് അതിക്രമിച്ചു ഓടിച്ചുകയറ്റുകയും തുടർന്ന് സ്വന്തം വാഹനം അടിച്ചുതകർക്കുകയുമായിരുന്നു.  സംഘർഷത്തിൽ ഉൾപ്പെട്ട എട്ടുപേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട രണ്ടുപേർക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി.

തുടർന്ന് പ്രതികളുടെ കാറിൽ പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ 9 ഗ്രാം എം.ഡി.എം.എയും കഞ്ചാവും കണ്ടെടുത്തു.