എറണാകുളം: ഉണിച്ചിറയിൽ വൻ രാസലഹരിവേട്ട. 55 ഗ്രാം എംഡിഎംഎയും ലഹരിവിൽപ്പനയിലൂടെ ലഭിച്ചതെന്ന് സംശയിക്കുന്ന ഒരു ലക്ഷം രൂപയുമായി കോഴിക്കോട് നാദാപുരം ചെക്യാട് സ്വദേശി അബ്ദുൽ സായാദ് പിടിയിലായി. നർക്കോട്ടിക്സ് വിഭാഗവും ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും ലഹരിമരുന്ന് വിൽപ്പനയും വിതരണവും തടയുന്നതിനായി കഴിഞ്ഞ കുറച്ചുദിവസങ്ങളായി നർക്കോട്ടിക്സ് വിഭാഗത്തിന്റെയും ഡാൻസാഫിന്റെയും നേതൃത്വത്തിൽ പരിശോധനകൾ ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ നടത്തിയ പരിശോധനയിൽ 35 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെ തുടർന്നു നടത്തിയ പരിശോധനയിലാണ് ഇന്ന് 55 ഗ്രാം എംഡിഎംഎയുമായി അബ്ദുൽ സായാദ് പിടിയിലായത്.
കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്ന ഡിജെ പാർട്ടികളും മറ്റ് ആഘോഷപരിപാടികളും ലക്ഷ്യമിട്ട് രാസലഹരിമരുന്നുകൾ വ്യാപകമായി എത്തിക്കുന്നതായി നർക്കോട്ടിക്സ് വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരത്തിലും സമീപപ്രദേശങ്ങളിലും ലഹരിവിരുദ്ധ പരിശോധനകൾ കൂടുതൽ ശക്തമാക്കിയത്.
ഇയാൾക്കെതിരെ കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ നേരത്തെയും എൻഡിപിഎസ് നിയമപ്രകാരമുള്ള കേസ് നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പിടികൂടിയ പണം ലഹരിവിൽപ്പനയിലൂടെ ലഭിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ലഹരിമരുന്നിന്റെ ഉറവിടവും വിതരണശൃംഖലയുമായി ബന്ധപ്പെട്ട വിവരങ്ങളും കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.