തെൽഅവീവ്: ഇസ്രായേലിൽ പുതിയ സർക്കാർ രൂപീകരിക്കാനുള്ള ഔദ്യോഗിക ചുമതല പ്രതിപക്ഷ നേതാവ് ഗാദി ഐസൻകോട്ടിന് കൈമാറും. ഇതിനായി പ്രസിഡന്റ് ഇന്ന് അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിക്കും. ഇസ്രായേൽ സമയം വൈകിട്ട് അഞ്ചിന് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ നടക്കുന്ന ചടങ്ങിലാണ് സർക്കാർ രൂപീകരണത്തിനുള്ള ക്ഷണം കൈമാറുക.

120 അംഗങ്ങളുള്ള ഇസ്രായേൽ പാർലമെന്റിൽ 67 അംഗങ്ങൾ ഗാദി ഐസൻകോട്ടിനെ പ്രധാനമന്ത്രിയാക്കണമെന്ന് നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ രൂപീകരിക്കാനുള്ള ചുമതല അദ്ദേഹത്തിന് നൽകുന്നത്.

സർക്കാർ രൂപീകരിക്കാൻ ഐസൻകോട്ടിന് 28 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഈ കാലയളവിനുള്ളിൽ ഭൂരിപക്ഷ പിന്തുണ ഉറപ്പാക്കി പുതിയ സർക്കാർ രൂപീകരിക്കേണ്ടതുണ്ട്.