കോഴിക്കോട് : ഓൺലൈൻ ട്രേഡിങ്ങിലൂടെ ലാഭം നേടിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 56.8 ലക്ഷം രൂപ തട്ടിയതായി പരാതി. എരഞ്ഞിപ്പാലം സ്വദേശിയായ 43കാരനാണ് പണം നഷ്ടമായത്. ഡിസംബർ മുതൽ ജൂൺ 11 വരെയുള്ള ദിവസങ്ങളിലാണ് പലതവണയായി പണം തട്ടിയത്. വാട്സാപ്പിൽ മെസേജ് അയച്ചും വെബ്സൈറ്റ് ലിങ്കുകൾ അയച്ച് നൽകി ലോഗിൻ ചെയ്യിച്ചുമാണ് തട്ടിപ്പ് നടത്തിയത്. സിസ്കോ ഡ്രോപ് ഷിപ്പിങ് ബിസിനസ് എന്ന കമ്പനിയിൽ പണം നിക്ഷേപിച്ച് അധികലാഭം നേടി ത്തരാമെന്നായിരുന്നു തട്ടിപ്പ് സംഘം പരാതിക്കാരനെ വിശ്വസിപ്പിച്ചത്.
പരാതിക്കാരന്റെയും അമ്മയുടെയും ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 60 ഇടപാടുകളിലൂടെയാണ് 56.8 ലക്ഷം രൂപ തട്ടിയതെന്ന് പരാതിയിൽ പറയുന്നു. മുതലോ ലാഭമോ തിരികെ ലഭിക്കാതെ വന്നതോടെയാണ് ഇയാൾ പരാതി നൽകിയത്. സംഭവത്തിൽ കോഴിക്കോട് സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഓൺലൈൻ ഇടപാടിലൂടെ ലക്ഷങ്ങൾ നേടാമെന്ന സന്ദേശമയച്ച് ആളുകളെ ചതിക്കുന്ന സംഘം വ്യാപകമാണെന്നും നിരവധി പേർ തട്ടിപ്പിനിരയാകുന്നതായും തുടർച്ചയായി വാർത്തകൾ വന്നിട്ടും ഉയർന്ന വിദ്യാഭ്യാസമുള്ളവരും യുവാക്കളുമടക്കം നിരവധി പേർ കെണിയിൽപ്പെടുന്നതായി പൊലീസ് പറഞ്ഞു.