തിരുവനന്തപുരം: പതിനാറാം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാമാജികരുടെ സത്യപ്രതിജ്ഞ നിയമസഭയിൽ ആരംഭിച്ചു. രാവിലെ ഒമ്പതിനാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്. പ്രോട്ടേം സ്‌പീക്കർ ജി സുധാകരൻ സത്യവാചകം ചൊല്ലിക്കൊടുത്തു. വെള്ളിയാഴ്‌ചയാണ് സ്‌പീക്കർ തെരഞ്ഞെടുപ്പ്.
അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ഫിഷറീസ് മന്ത്രി വി ഇ അബ്ദുൾ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.
രണ്ടാമതായി പാറക്കൽ അബ്ദുല്ലയും മൂന്നാമതായി കെ എം അഭിജിത്തുമാണ് സത്യപ്രതിജ്ഞ ചെയ്തത്.
പ്രോട്ടോകോൾ പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ 105-ാമനായും, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ 133-ാമനായും സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വടക്കാഞ്ചേരിയിൽ നിന്നുള്ള ജനപ്രതിനിധി സേവ്യർ ചിറ്റിലപ്പിള്ളിയാകും സഭയിൽ അവസാനമായി സത്യപ്രതിജ്ഞ ചെയ്യുക.
ഇന്ന് ആരംഭിക്കുന്ന സഭാ സമ്മേളനത്തിൽ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ മാത്രമായിരിക്കും ഉണ്ടാകുക. തുടർന്ന് നാളെ രാവിലെ 9 മണിക്ക് പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടക്കും.
23 മുതൽ 28 വരെ സഭ ചേരില്ല. 29ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ ഒന്നിനാണ് ഡെപ്യൂട്ടി സ്‌പീക്കർ തെരഞ്ഞെടുപ്പ്. ഒന്നു മുതൽ മൂന്നുവരെ ഗവർണറുടെ നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപത്തിനു മേൽ ചർച്ച നടക്കും.