ദില്ലി: രാജ്യത്തുടനീളമുള്ള ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളുടെ (ICU) ഗുണനിലവാരവും സൗകര്യങ്ങളും വിലയിരുത്തുന്നതിനായി രണ്ടു മാസത്തിനകം രാജ്യവ്യാപകമായി ഓഡിറ്റ് നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടു. ഐ.സി.യുകളിൽ ആവശ്യത്തിന് ജീവനക്കാരുണ്ടോ, ആവശ്യമായ അത്യാധുനിക ഉപകരണങ്ങളുണ്ടോ, അടിസ്ഥാന സൗകര്യങ്ങളിൽ എന്തെങ്കിലും പോരായ്മകളുണ്ടോ എന്ന് കൃത്യമായി കണ്ടെത്താൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സുപ്രീം കോടതി തന്നെ മുൻപ് നിയോഗിച്ച വിദഗ്ധ സമിതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി രാജ്യത്തെ ക്രിട്ടിക്കൽ കെയർ സംവിധാനങ്ങളെ മാറ്റിയെടുക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇതോടൊപ്പം തന്നെ രാജ്യത്തെ നഴ്സിങ് കോളേജുകളിലും വിപുലമായ പരിശോധനക്ക് കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇന്ത്യൻ നഴ്സിങ് കൗൺസിലിന് കീഴിലുള്ള 800-ലധികം കോളേജുകളിൽ വിദ്യാർത്ഥികൾക്ക് കൃത്യമായ പ്രായോഗിക പരിശീലനം ലഭിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ അഹ്സാനുള്ള അമാനുല്ല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക വിധി പുറപ്പെടുവിച്ചത്. ഏറ്റവും അടിസ്ഥാനപരമായ 'ലെവൽ 1 ഐസിയു' മുതൽ നടപ്പിലാക്കേണ്ട ഏറ്റവും കുറഞ്ഞ മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് നിശ്ചയിക്കാനും അതുപ്രകാരം കാര്യങ്ങൾ ക്രമീകരിക്കാനും സംസ്ഥാനങ്ങളോട് കോടതി ആവശ്യപ്പെട്ടു.
ആശുപത്രികളിലെ ഐ.സി.യു സംവിധാനങ്ങൾക്ക് ഏകീകൃത സ്വഭാവം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ഒരു ഹരജി പരിഗണിക്കവെയാണ് കോടതി ഈ ഉത്തരവുകൾ പുറപ്പെടുവിച്ചത്. ഇതിനായി ഡോക്ടർമാരടങ്ങുന്ന 17 അംഗ വിദഗ്ധ സമിതി ഒരു കരട് മാർഗ്ഗനിർദ്ദേശം നേരത്തെ സമർപ്പിച്ചിരുന്നു. ഈ കരട് റിപ്പോർട്ടിൽ ഒരു ഐ.സി.യുവിൽ ഉണ്ടായിരിക്കേണ്ട ജീവനക്കാർ, അടിസ്ഥാന സൗകര്യങ്ങൾ, ചികിത്സാ രീതികൾ എന്നിവ കൃത്യമായി നിർവചിക്കുന്നുണ്ട്. രോഗിയുടെ അവസ്ഥയുടെ തീവ്രത അനുസരിച്ച് ലെവൽ 1, ലെവൽ 2, ലെവൽ 3 എന്നിങ്ങനെ മൂന്ന് തട്ടുകളായി ഐ.സി.യുകളെ തിരിക്കാനും ഇതിൽ ശിപാർശയുണ്ട്.
ഈ പരിശോധനകൾ പൂർത്തിയാക്കാൻ സംസ്ഥാനങ്ങൾ ആറു മുതൽ ഒൻപത് മാസം വരെ സമയം ചോദിച്ചിരുന്നെങ്കിലും, കോടതി അത് രണ്ട് മാസമായി ചുരുക്കുകയായിരുന്നു. രാജ്യത്ത് ജനസംഖ്യ വളരെ വേഗത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ അതിനനുസരിച്ച് ആരോഗ്യരംഗത്തെ സൗകര്യങ്ങൾ ഉയരുന്നില്ലെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു. 2013-ൽ കൊൽക്കത്തയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഭാര്യ മരിച്ചതിനെത്തുടർന്ന് അസിത് ബരൺ മണ്ഡൽ എന്നയാൾ നൽകിയ നഷ്ടപരിഹാരക്കേസിന്റെ പശ്ചാത്തലത്തിലാണ് ഈ വിഷയം സുപ്രീം കോടതിയുടെ മുൻപിലേക്ക് എത്തിയത്. ഈ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആവശ്യമായ തിരുത്തൽ നടപടികൾ വേഗത്തിൽ സ്വീകരിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോടും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.