കൽപ്പറ്റ: വയനാട്ടിലെ നെൻമേനി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുവയെയും പുള്ളിപ്പുലിയെയും ആവർത്തിച്ച് കാണപ്പെടുന്നത് ജനങ്ങളിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. വന്യമൃഗങ്ങളുടെ സാന്നിധ്യം ദൈനംദിന ജീവിതത്തെ ബാധിക്കുന്ന സാഹചര്യത്തിൽ, കഴിഞ്ഞ രണ്ട് ആഴത്തിനിടെ പഞ്ചായത്തിലെ ചീരാൽ മേഖലയിൽ നാല് വളർത്തുമൃഗങ്ങൾ ആക്രമിക്കപ്പെട്ടു.
ഏറ്റവും പുതിയ സംഭവത്തിൽ, ചൊവ്വാഴ്ച രാത്രി പ്രദേശത്ത് എത്തിയ പുലി ചീരാൽ സ്വദേശിയായ ഷാജിയുടെ ആടിനെ കൊന്നു. ഷെഡിലുണ്ടായിരുന്ന മറ്റൊരു ആടിനും ആക്രമണത്തിൽ പരിക്കേറ്റു. ജനവാസ മേഖലകൾക്ക് സമീപം അലഞ്ഞുതിരിഞ്ഞ് ഭീഷണിയാകുന്ന മൃഗങ്ങളെ പിടികൂടാൻ വനംവകുപ്പ് സ്ഥാപിച്ച കൂടിൽ ഇതുവരെ കടുവയോ പുലിയോ കുടുങ്ങിയിട്ടില്ല.
കഴിഞ്ഞ ആഴ്ച പ്രദേശത്ത് കടുവയുടെയും പുള്ളിപ്പുലിയുടെയും സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. കൂട് സ്ഥാപിച്ചിരുന്ന കനട്ടപ്പാട്ട് രാമചന്ദ്രന്റെ വീടിന് സമീപത്തെ കുളത്തിനരികിൽ കടുവയുടെ അലർച്ച കേട്ടതായി നാട്ടുകാർ പറഞ്ഞു.
പകൽ സമയങ്ങളിലും കടുവ ജനവാസ മേഖലകളിൽ പ്രവേശിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഇത് പ്രദേശവാസികളിൽ കൂടുതൽ ഭീതിയുണ്ടാക്കുന്നുണ്ട്. ഈ മാസം ആദ്യം മുത്തച്ചിക്കുനിയിൽ ബൈജേഷ് ബാബുവിന്റെ രണ്ട് പോത്തുകളെ കടുവ ആക്രമിച്ചിരുന്നു. ഇതിൽ ഒരു പോത്തിനെ ഭാഗികമായി ഭക്ഷിക്കുകയും ചെയ്തു. വയലിൽ കെട്ടിയിട്ടിരിക്കെയായിരുന്നു ആക്രമണം.
സാധാരണയായി രാത്രിയിലാണ് വന്യമൃഗങ്ങൾ കന്നുകാലികളെ ആക്രമിക്കാറുള്ളത്. എന്നാൽ പകൽ സമയത്തും കടുവയെ ജനവാസ കേന്ദ്രങ്ങൾക്ക് സമീപം കാണുകയും അലർച്ച കേൾക്കുകയും ചെയ്തതായി നാട്ടുകാർ പറയുന്നു. കടുവ ഇപ്പോഴും പ്രദേശത്ത് തുടരുന്നുണ്ടെന്ന ആശങ്കയും ഉയരുന്നുണ്ട്.
മുണ്ടക്കൊല്ലി വനമേഖല മുത്തച്ചിക്കുനിയിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയാണുള്ളത്. ഇവിടെ നിന്നാകാം കടുവയും പുലിയും ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്നതെന്നാണ് വനംവകുപ്പിന്റെ നിഗമനം. മുത്തച്ചിക്കുനി, മുണ്ടക്കൊല്ലി മേഖലകളിലെ ഭൂരിഭാഗം ആളുകളും ക്ഷീരകർഷനത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്.
കടുവകളും പുള്ളിപ്പുലികളും വളർത്തു മൃഗങ്ങളെ ആക്രമിക്കുന്ന സാഹചര്യത്തിൽ കർഷകർ കടുത്ത ആശങ്കയിലാണ്. നിരന്തരം കന്നുകാലികളെ ലക്ഷ്യമിടുന്ന വന്യമൃഗങ്ങൾ മനുഷ്യരെയും ആക്രമിക്കുമോയെന്ന ഭയവും പ്രദേശവാസികൾക്കുണ്ട്. കൂടുതൽ ആക്രമണങ്ങൾ ഭയന്ന് നിരവധി കർഷകർ കന്നുകാലികളെ മേയാൻ വിടുന്നതും നിർത്തിയിരിക്കുകയാണ്.