ഡല്‍ഹി: ആഫ്രിക്കയില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന എബോള വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍, ഡല്‍ഹിയില്‍ നടക്കാനിരുന്ന നാലാമത് ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടി മാറ്റിവെച്ചു. നിലവിലെ പൊതുജനാരോഗ്യ സാഹചര്യം വിലയിരുത്തിയ ശേഷം, ഉച്ചകോടി മറ്റൊരു തീയതിയിലേക്ക് മാറ്റുന്നതാണ് ഉചിതമെന്ന് ഇന്ത്യയും ആഫ്രിക്കന്‍ യൂണിയനും തമ്മില്‍ ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മെയ് 28 മുതല്‍ 31 വരെയായിരുന്നു ഡല്‍ഹിയില്‍ ഉച്ചകോടി നിശ്ചയിച്ചിരുന്നത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെയും ആഫ്രിക്കന്‍ യൂണിയന്‍ കമ്മീഷനിലെയും നേതാക്കളെ ഒരുമിച്ച് അണിനിരത്തി, ഇന്ത്യ-ആഫ്രിക്ക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ സഹകരണം കൂടുതല്‍ വിപുലീകരിക്കുന്നതിനുമുള്ള രൂപരേഖ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡല്‍ഹിയില്‍ ഉച്ചകോടി നടത്താന്‍ തീരുമാനിച്ചിരുന്നത്.

നീണ്ട 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഉച്ചകോടി നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍, എബോള ബാധയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും മറ്റു അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലും എത്തുന്ന യാത്രക്കാര്‍ക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഉച്ചകോടിയില്‍ പങ്കെടുക്കേണ്ടിയിരുന്ന 40 ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളില്‍ ചിലര്‍ നിലവില്‍ എബോള ഭീഷണി നേരിടുന്ന രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.