തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി. വൈദ്യുതി ഉപഭോഗത്തിൽ അപ്രതീക്ഷിതമായ വർധനയുണ്ടായതാണ് കാരണം. പ്രത്യേകിച്ച് രാത്രിയിലെ പീക്ക് സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കാമെന്ന് കെഎസ്ഇബി അധികൃതർ വ്യക്തമാക്കി.

എൽനിനോ പ്രതിഭാസത്തെ തുടർന്ന് സംസ്ഥാനത്ത് മഴ ലഭിക്കാത്തതും അന്തരീക്ഷ താപനില ഉയർന്നു നിൽക്കുന്നതുമാണ് വൈദ്യുതി ഉപഭോഗം കുതിച്ചുയരാൻ കാരണം. ഫാനുകളുടെയും എസികളുടെയും ഉപയോഗം വർധിച്ചതോടെ ഗാർഹിക ഉപഭോഗം കുത്തനെ കൂടി.

മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ വൈദ്യുതി ആവശ്യകതയിൽ ഗണ്യമായ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.രാജ്യത്താകമാനം വൈദ്യുതിക്ക് ആവശ്യക്കാർ കൂടിയതോടെ പവർ എക്സ്ചേഞ്ച് വഴി കേരളത്തിന് ലഭിക്കുന്ന വൈദ്യുതിയുടെ ലഭ്യതയിലും കുറവ് അനുഭവപ്പെടുന്നുണ്ട്.

മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്ന് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 400 മുതൽ 500 മെഗാവാട്ട് വരെ കൂടുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ.

പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത പക്ഷം, ഇന്ന് വൈകുന്നേരം 6 മണി മുതൽ 10 മണി വരെയുള്ള പീക്ക് സമയങ്ങളിൽ ഭാഗികമായി ലോഡ് ഷെഡ്ഡിംഗ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.

അനാവശ്യമായ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നും പൊതുജനങ്ങളോട് കെഎസ്ഇബി അഭ്യർത്ഥിച്ചിട്ടുണ്ട്. എസി താപനില 24-26 ഡിഗ്രിയിൽ സെറ്റ് ചെയ്യുക, ആവശ്യമില്ലാത്തപ്പോൾ ഫാനുകളും ലൈറ്റുകളും ഓഫ് ചെയ്യുക തുടങ്ങിയ ഊർജ സംരക്ഷണ മാർഗങ്ങൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്. വരും ദിവസങ്ങളിലും കാലാവസ്ഥയിൽ മാറ്റമില്ലെങ്കിൽ വൈദ്യുതി നിയന്ത്രണം തുടരാനും സാധ്യതയുണ്ട്.