വാഷിങ്ടൺ: കേരളത്തിന് വീണ്ടുമൊരു അഭിമാന നിമിഷം സമ്മാനിച്ച് പാതി മലയാളിയായ നാസ ശാസ്ത്രജ്ഞൻ ഡോ. അനിൽ മേനോൻ ബഹിരാകാശത്തേക്ക് കുതിച്ചുയർന്നു. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ 'സോയൂസ് എം.എസ്.-29' ദൗത്യത്തിന്റെ ഭാഗമായാണ് അനിൽ മേനോൻ ചരിത്രയാത്ര ആരംഭിച്ചത്. കസാഖ്സ്താനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി 8.17-നാണ് സോയൂസ് 2.1എ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചത്. ഇതോടെ ബഹിരാകാശത്ത് എത്തുന്ന ആദ്യ മലയാളി എന്ന നേട്ടം അനിൽ മേനോൻ സ്വന്തമാക്കി.

റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരാണ് അനിലിന്റെ സഹയാത്രികർ. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള യാത്രയ്ക്കിടയിൽ ഭൂമിയെ രണ്ടുതവണ പേടകം വലംവെക്കും. പിന്നീട് ഇന്ത്യൻ സമയം രാത്രി 11.26 ഓടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) റഷ്യൻ നിർമിത 'പ്രിചാൽ മോഡ്യൂളുമായി' ഡോക്ക് ചെയ്യും. ബുധനാഴ്ച പുലർച്ചെ ഒന്നിനോടെ (ഹാച്ച് ഓപ്പണിങ് 1.25-ന്) മൂന്നംഗ സംഘം നിലയത്തിലേക്ക് പ്രവേശിക്കും. ബഹിരാകാശ നിലയത്തിലെ എക്സ്പെഡിഷൻ 74-ന്റെ ഭാഗമാകുന്ന ഇവർ എട്ട് മാസത്തെ ദൗത്യത്തിന് ശേഷം 2027 മാർച്ചിലായിരിക്കും ഭൂമിയിലേക്ക് മടങ്ങുക.

അമേരിക്കയിലെ മിനിയാപോളിസിൽ ജനിച്ച 49-കാരനായ അനിൽ മേനോന് പാലക്കാട് ഒറ്റപ്പാലവുമായി അടുത്ത ബന്ധമാണുള്ളത്. ഒറ്റപ്പാലം സ്വദേശിയായ ശങ്കരൻ മേനോന്റെയും യുക്രൈൻ സ്വദേശിനി എലിസബത്ത് സമോയിലെങ്കോയുടെയും മകനാണ്. നിലവിൽ യു.എസ്. ബഹിരാകാശ സേനയിൽ കേണൽ പദവിയിലുള്ള അദ്ദേഹം എമർജൻസി മെഡിസിൻ വിഭാഗം ഡോക്ടർ കൂടിയാണ്.

ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ന്യൂറോബയോളജിയിൽ ബിരുദവും, സ്റ്റാൻഫോർഡിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ മാസ്റ്റേഴ്സും വൈദ്യശാസ്ത്ര ബിരുദവും അനിൽ മേനോൻ കരസ്ഥമാക്കിയിട്ടുണ്ട്. നാസയിൽ ഫ്ലൈറ്റ് സർജനായും സ്പേസ് എക്സിന്റെ ആദ്യ മനുഷ്യബഹിരാകാശ ദൗത്യങ്ങളിൽ ഫ്ലൈറ്റ് സർജനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബഹിരാകാശ വൈദ്യശാസ്ത്രത്തിൽ ഇരുപതിലേറെ പ്രബന്ധങ്ങൾ രചിച്ച അസാധാരണ മികവിനെത്തുടർന്നാണ് 2021 ഡിസംബറിൽ നാസയുടെ 23-ാം ആസ്ട്രനോട്ട് ഗ്രൂപ്പിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ബഹിരാകാശ നിലയത്തിൽ വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട നിർണായക ഗവേഷണങ്ങൾക്ക് അനിൽ നേതൃത്വം നൽകും.

അനിലിന്റെ ഭാര്യ അന്ന മേനോനും പ്രശസ്ത ബഹിരാകാശ സഞ്ചാരിയാണ്. സ്പേസ് എക്സ് ജീവനക്കാരിയായിരുന്ന അന്ന, 2024 സെപ്റ്റംബറിൽ 'പോളാരിസ് ഡോൺ' ദൗത്യത്തിലൂടെ അഞ്ച് ദിവസം ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്. നിലവിലെ നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ ഫണ്ട് ചെയ്ത ദൗത്യമായിരുന്നു അത്. പിന്നീട് 2025 സെപ്റ്റംബറിൽ നാസയുടെ 24-ാം ആസ്ട്രനോട്ട് ഗ്രൂപ്പിലേക്കും അന്ന തിരഞ്ഞെടുക്കപ്പെട്ടു. ജെയിംസ്, ഗ്രേസ് എന്നിവരാണ് ഇവരുടെ മക്കൾ. നാസയുടെ വരാനിരിക്കുന്ന 'ആർട്ടെമിസ്' ചാന്ദ്ര ദൗത്യങ്ങളിൽ ഇരുവരും പങ്കാളികളായേക്കുമെന്നും, ദമ്പതികളിൽ ഒരാൾ ചന്ദ്രനിൽ ഇറങ്ങാൻ സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തലുകൾ.

വിപുലമാകുന്ന ബഹിരാകാശ കുടുംബം

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തുന്നതോടെ അനിൽ മേനോനും സംഘവും നിലവിൽ അവിടെയുള്ള ഏഴ് സഞ്ചാരികൾക്കൊപ്പം ചേരും. നാസയുടെ ജെസ്സിക്ക മീർ, ജാക്ക് ഹാതവേ, ക്രിസ് വില്യംസ്, യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സോഫി അഡെനോട്ട്, റോസ്‌കോസ്മോസിന്റെ സെർജി കുഡ്-സ്വേർച്കോവ്, സെർജി മികയേവ്, ആൻഡ്രി ഫെദ്യായേവ് എന്നിവരാണ് നിലവിൽ ഐ.എസ്.

അനിലിന്റെ ആദ്യ ബഹിരാകാശ യാത്രയാണിത്. സഹയാത്രികരായ പ്യോട്ടർ ഡുബ്രോവിനും അന്ന കിക്കിനയ്ക്കും ഇത് രണ്ടാമത്തെ ദൗത്യമാണ്. 1960-കളിൽ ആരംഭിച്ചതും നിരന്തരം നവീകരിക്കുന്നതുമായ സോയൂസ് പേടകങ്ങൾ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്നതിൽ ഏറ്റവും സുരക്ഷിതവും വിശ്വസനീയവുമായ സംവിധാനമായാണ് കണക്കാക്കപ്പെടുന്നത്.