നാദാപുരം: നാദാപുരം-വടകര സംസ്ഥാനപാതയിൽ പുറമേരി പെട്രോൾ പമ്പിന് സമീപം സംശയാസ്പദമായി നിന്ന യുവാവിൽ നിന്ന് എം ഡി എം എ കണ്ടെടുത്തു. ഒഞ്ചിയം ചെറിയത്ത് സ്വദേശി കെ. കെ ആരിഫ് (42) നിന്നാണ് 0.28 ഗ്രാം എം ഡി എം എ പിടികൂടിയത്.
പ്രതിയെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി 8.42-ഓടെ നാദാപുരം പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഹംസ രാമത്തിന്റെ നേതൃത്വത്തിലുള്ള സംഘം KL 01 CH 8153 നമ്പർ വാഹനത്തിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഭവം.
ഓർക്കാട്ടേരി ഭാഗത്തുനിന്ന് നാദാപുരത്തേക്ക് വരികയായിരുന്ന ആരിഫ് ലുങ്കിയും ഷർട്ടും ധരിച്ച്, പുറമേരി ഭാരത് പെട്രോൾ പമ്പിന് എതിർവശത്തുള്ള റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിൽക്കുകയായിരുന്നു. പോലീസ് വാഹനം കണ്ടതോടെ ഇയാൾ വേഗത്തിൽ സ്ഥലം വിടാൻ ശ്രമിച്ചതാണ് പോലീസിന് സംശയമുണ്ടാക്കിയത്.
തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോൾ തൃപ്തികരമായ മറുപടി നൽകാത്തതിനെ തുടർന്ന് പോലീസ് ഇയാളെ വിശദമായി പരിശോധിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ പക്കൽ നിന്ന് 8220 രൂപയും പ്ലാസ്റ്റിക് സിപ്പ് ലോക്ക് കവറിൽ സൂക്ഷിച്ച നിലയിൽ ക്രിസ്റ്റൽ രൂപത്തിലുള്ള പദാർത്ഥവും കണ്ടെടുത്തു.