ചെറുവണ്ണൂര്‍: ബീഹാര്‍ സ്വദേശിയില്‍ നിന്ന് വന്‍ തോതില്‍ കഞ്ചാവ് മിഠായികള്‍ പിടികൂടി. 'ഓപ്പറേഷന്‍ തണ്ടര്‍'റിന്റെ ഭാഗമായി എക്‌സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് മിഠായികള്‍ പിടികൂടിയത്.കണ്ണാടിക്കുളം ക്രസന്റ് ബസാറിലെ ക്രസന്റ് ബില്‍ഡിങ്ങില്‍ വാടകയ്ക്ക് താമസിക്കുന്ന ബീഹാര്‍ സ്വദേശി അസ്ലം അന്‍സാരി (32) ആണ് പിടിയിലായത്.
ഇയാളുടെ മുറിയില്‍ നിന്നും 16.220 കിലോഗ്രാം തൂക്കം വരുന്ന 3,140 (Cannabis candy) കഞ്ചാവ് മിഠായികളാണ് കണ്ടെടുത്തത്. രഹസ്യവിവരത്തെത്തുടര്‍ന്ന് കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് വന്‍ ലഹരിശേഖരം കണ്ടെത്തിയത്. വിപണിയില്‍ ലഹരിവസ്തുക്കളുടെ വിതരണം തടയുന്നതിനായി എക്‌സൈസ് വകുപ്പ് നടപ്പിലാക്കി വരുന്നതാണ് 'ഓപ്പറേഷന്‍ തണ്ടര്‍'.
വലിയ തോതില്‍ ലഹരി മിഠായികള്‍ എത്തിച്ചതിന് പിന്നില്‍ വന്‍ ശൃംഖലയുണ്ടെന്നാണ് പ്രാഥമിക നിഗമനം.ഡെപ്യൂട്ടി കമ്മീഷണറുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് (ഡി.സി സ്‌ക്വാഡ്) അംഗങ്ങളായ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജിത്ത്, ജിത്തു, അശില്‍ദ്, പ്രശാന്ത്, പ്രിവെന്റീവ് ഓഫീസര്‍ ഗ്രേഡ് ഷാജു സി.പി, ദീന്‍ ദയാല്‍, പ്രിവെന്റീവ് ഓഫീസര്‍ സുനീഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ഷാഫി, സി.ഇ.ഒ ഡ്രൈവര്‍ ശ്രീജിത്ത് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.