കോഴിക്കോട്: എലത്തൂരിൽ എം എൽ എ യ്ക്ക് വ്യാജഫോൺകോൾ. മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിപദം നൽകാമെന്ന് ഓഫർ. എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണനാണ് ഇത്തരമൊരു വ്യാജ ഫോൺ കോൾ കഴിഞ്ഞ ദിവസം ലഭിച്ചത്.
വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ ഡൽഹിയിലെ ഓഫിസിൽ നിന്നാണ് വിളിക്കുന്നതെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാരൻ വിളിച്ചത്. സംസ്ഥാന മന്ത്രിസഭയുടെ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിയാക്കാൻ സഹായിക്കാമെന്നുമായിരുന്നു ഫോണിലെ വാഗ്ദാനം.
ജൂലൈ ആറിനാണ് വാട്സ്ആപ്പ് കോൾ എത്തിയത്. രാജ്കുമാർ എന്ന പേരാണ് വിളിച്ചയാൾ പറഞ്ഞത്. ഇംഗ്ലീഷിലായിരുന്നു സംഭാഷണം. ജില്ലയിലെ ഒരു എം.പിയാണ് തന്റെ നമ്പർ നൽകിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. സംശയം തോന്നിയ എം.എൽ.എ കൂടുതൽ വിവരങ്ങൾക്ക് പണം നൽകാമെന്ന് പറഞ്ഞ് സംസാരം നീട്ടി.
പിന്നാലെ നമ്പർ നൽകിയെന്ന് പറഞ്ഞ എം.പിയെ വിവരം അറിയിച്ചു. പാർട്ടി ആസ്ഥാനത്ത് നിന്ന് വിളിച്ചിരുന്നുവെന്നും ജില്ലയിലെ രണ്ട് എം.എൽ.എമാരുടെ നമ്പറുകൾ ആവശ്യപ്പെട്ടിരുന്നുവെന്നും എം.പി വ്യക്തമാക്കി. തുടർന്ന് എം.എൽ.എയും എം.പിയും ചേർന്ന് പാർട്ടി ആസ്ഥാനവുമായും പ്രിയങ്ക ഗാന്ധിയുടെ ഡൽഹി ഓഫിസുമായും ബന്ധപ്പെട്ടു.