എറണാകുളം: നടൻ ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ ടിനി ടോമിന് മുൻകൂർ ജാമ്യം. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ടിനി ടോം മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചത്.
സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ, മതം പറഞ്ഞ് അധിക്ഷേപിക്കൽ, ഗൂഢാലോചന ഉൾപ്പെടെ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് ടിനി ടോമിനെതിരെ കേസ് എടുത്തത്. ടിനി ടോം തനിക്കെതിരെ അശ്ലീല പരാമർശങ്ങളും ലൈംഗികച്ചുവയുള്ള അധിക്ഷേപങ്ങളും നടത്തിയെന്നാണ് അൻസിബയുടെ പരാതി. ജിഹാദി എന്നും മതതീവ്രവാദി എന്നും വിളിച്ച് ആക്ഷേപിച്ചതായും നടന്റെ ഡ്രൈവറെ മതം മാറ്റാൻ അൻസിബ ശ്രമിച്ചുവെന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തിയതായും പരാതിയിലുണ്ട്.
നേരത്തെ കേസിൽ പ്രാഥമിക അന്വേഷണം നടത്തിയ കടവന്ത്ര പൊലീസ് പരാതി കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും പരാതിയിൽ കഴമ്പില്ലാത്തതിനാൽ കേസ് എടുക്കാൻ കഴിയില്ലെന്നും കാണിച്ച് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇത് പൂർണമായും തള്ളിക്കൊണ്ടാണ് കേസ് രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടത്.