ബാങ്കോക്ക്: ഇന്ത്യക്കാര്‍ക്കുള്ള വിസരഹിത പ്രവേശനം പൂര്‍ണ്ണമായി നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ നിന്നും തായ്‌ലന്‍ഡ് പിന്മാറി. എന്നാല്‍, മുന്‍പ് അനുവദിച്ചിരുന്ന 60 ദിവസത്തെ കാലാവധി ഇനി മുതല്‍ 30 ദിവസമായി ചുരുക്കാന്‍ തായ്‌ലന്‍ഡ് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ത്യന്‍ സഞ്ചാരികളുടെ യാത്രാ രീതികള്‍ കണക്കിലെടുത്താണ് 30 ദിവസത്തെ വിസരഹിത പ്രവേശനത്തിന് അംഗീകാരം നല്‍കിയതെന്ന് ടൂറിസം മന്ത്രി സുരസാക് പഞ്ചരോയന്‍വൊരാകുല്‍ അറിയിച്ചു. ഭാവിയില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഈ തീരുമാനം പുനഃപരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് നല്‍കിയിരുന്ന 60 ദിവസത്തെ ഇളവ് റദ്ദാക്കാന്‍ കഴിഞ്ഞ മെയ് മാസത്തില്‍ തായ് സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടായി. തായ്‌ലന്‍ഡ് സന്ദര്‍ശിക്കുന്നവരില്‍ ചൈനയ്ക്കും മലേഷ്യയ്ക്കും തൊട്ടുപിന്നില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. ഈ പശ്ചാത്തലത്തിലാണ് വിസയില്ലാതെയുള്ള താമസം 30 ദിവസമായി പരിമിതപ്പെടുത്തി ആനുകൂല്യം തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇന്ത്യയെ കൂടാതെ ക്രൊയേഷ്യ, ബള്‍ഗേറിയ, സൈപ്രസ്, മാള്‍ട്ട, മാലദ്വീപ് എന്നീ രാജ്യങ്ങള്‍ക്കും പുതിയ ഉത്തരവ് ബാധകമായിരിക്കും. ഇതോടെ 30 ദിവസത്തെ വിസരഹിത അനുമതിയുള്ള രാജ്യങ്ങളുടെ എണ്ണം 60 ആയി ഉയര്‍ന്നു.