രാമനാട്ടുകര : ചാലിയാർ പുഴയുടെ കൈവഴിയിൽ മീൻപിടിക്കാനായി വിഷംകലക്കിയ നാലംഗസംഘം ഫറോക്ക് പോലീസിന്റെ പിടിയിൽ. മലപ്പുറം മുതുവല്ലൂർ ചുള്ളിയിൽ മുർഷിദ് (31), അരീക്കോട് ഉഗ്രപുരം കണ്ണഞ്ചേരി പുത്തൻകുളം വീട്ടിൽ കെ.പി. മുഹമ്മദ് അനീസ് (33), എടവണ്ണപ്പാറ ചെറുവായൂർ മെതലഞ്ചേരി കെ. ഹംസ (39), എടവണ്ണപ്പാറ ചീകോട് വെട്ടുപാറ പിലാക്കുഴിയിൽ അബ്ദുൽജലീൽ (47) എന്നിവരെയാണ് പിടികൂടിയത്.
വർഷങ്ങളായി പുഴയിൽ ആവർത്തിക്കുന്ന ക്രൂരതയാണ് പിടിക്കപ്പെട്ടത്. ചെത്തുപാലം തോട്ടിൽ ഇവർ കലക്കുന്ന മാരകവിഷം കിലോമീറ്ററുകളോളം ഒഴുകിയെത്തും. വിഷമേറ്റ് മീനുകൾ മയങ്ങിപ്പൊങ്ങുമ്പോൾ മുട്ടിയറ കനാൽ ഭാഗത്ത് വലക്കൂട് സ്ഥാപിച്ച് വൻതോതിൽ കോരിയെടുക്കുകയാണ് രീതി. ഇതുകാരണം എല്ലാവർഷവും ആയിരക്കണക്കിന് മത്സ്യങ്ങളാണ് പുല്ലിപ്പുഴയിൽ ചത്തുപൊങ്ങിയിരുന്നത്. ഇതറിയുന്ന നാട്ടുകാർ, വർഷങ്ങളായി ജൂലായ് മാസത്തിലെ വാവുദിവസങ്ങളിൽ ഇവരെ പിടികൂടാൻ കാവലിരിക്കാറുണ്ടായിരുന്നെങ്കിലും പ്രതികൾ രക്ഷപ്പെടുകയായിരുന്നു പതിവ്. മുൻപ് പലവർഷങ്ങളിലായി ഇവർ എത്തുന്ന വാഹനം പ്രദേശത്തെ ക്യാമറകളിൽ കുടുങ്ങിയിരുന്നെങ്കിലും വാഹനനമ്പർ കണ്ടെത്താനോ ഇവരെ പിടികൂടാനോ കഴിഞ്ഞിരുന്നില്ല.
എന്നാൽ, ചൊവ്വാഴ്ച പുലർച്ചെ നാട്ടുകാർ സംഘടിതമായി കാവലിരിക്കുന്നതിനിടെയാണ് മുട്ടിയറ കനാൽഭാഗത്തുവെച്ച് സംഘത്തെ കണ്ടെത്തിയത്. നാട്ടുകാരെ കണ്ടയുടൻ മൂന്നംഗസംഘം പുഴയിലേക്ക് ചാടി ചേലമ്പ്ര ഭാഗത്തേക്ക് നീന്തിരക്ഷപ്പെട്ടു. പ്രതികൾ എത്തിയ ഓട്ടോറിക്ഷയും വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളും മുട്ടിയറ ഭാഗത്തുണ്ടായിരുന്നു. ഇതോടെ നാട്ടുകാർ തിരച്ചിൽ ആരംഭിക്കുകയും വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തുകയും ചെയ്തു.
ഇതിനിടെ പുഴയിൽ ചാടി രക്ഷപ്പെട്ട പ്രതികളെ രക്ഷിക്കാനായി മറ്റൊരു ഓട്ടോറിക്ഷയിൽ കൂട്ടാളി എത്തിയപ്പോഴാണ് നാട്ടുകാർ ചേർന്ന് ഇവരെ ചേലമ്പ്ര സിൽക്ക് പാലത്തിന് സമീപത്തുവെച്ച് പിടികൂടിയത്. ഇയാളെ സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തതോടെയാണ് നീന്തിരക്ഷപ്പെട്ട മറ്റ് മൂന്നുപേരെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്.