വടകര : ദേശീയപാതയോരത്ത് പാതിപൊളിച്ച കെട്ടിടങ്ങൾ അപകടഭീഷണി ഉയർത്തുന്നു. നവീകരണത്തിന്റെ ഭാഗമായി വീതികൂട്ടുന്നതിന് പാതിപൊളിച്ച അടയ്ക്കാത്തെരുവിലെ മൂന്ന് കെട്ടിടങ്ങളാണ് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഉൾപ്പെടെ ഭീഷണിയാകുന്നത്. ഇവ മഴയിൽ കുതിർന്ന് ഇടിഞ്ഞുവീഴുമോ എന്ന ആശങ്കയുണ്ട്.

അടയ്ക്കാത്തെരു എസ്.ബി.ഐ.ക്ക് സമീപത്താണ് ഒരു കെട്ടിടം. ഇത് കുറച്ചുഭാഗം പൊളിച്ചിട്ടുണ്ട്. ബാക്കിഭാഗം കാടുമൂടിയനിലയിലാണ്. ഇതിൽ കല്ലുകൾ ഉൾപ്പെടെ പുറത്തേക്ക് തള്ളിനിൽക്കുന്നത് ഏതുസമയത്തും വീഴാവുന്ന നിലയിലാണ്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ അപകടഭീഷണിയും നിലനിൽക്കുന്നുണ്ട്. കെട്ടിടയുടമയും നേരത്തേ വാടകയ്ക്ക് താമസിച്ചിരുന്നയാളും തമ്മിൽ കേസ് നടക്കുന്നതിനാലാണ് ബാക്കിഭാഗം പൊളിച്ചുമാറ്റാത്തത്.

കൈനാട്ടിഭാഗത്തുനിന്ന് പയ്യോളിഭാഗത്തേക്ക് വാഹനങ്ങൾ പോകുന്ന സർവീസ് റോഡിന് സമീപത്തുതന്നെയാണ് കെട്ടിടം നിലനിൽക്കുന്നത്. ഇവ തകർന്നാൽ റോഡിലേക്കുതന്നെയാകും പതിക്കുക. എസ്.ജി.എം.എസ്.ബി. സ്കൂളിലേക്ക് ഉൾപ്പെടെ ഒട്ടേറെ വിദ്യാർഥികളും മറ്റും നടന്നുപോകുന്നതിന് സമീപത്തുതന്നെയാണ് കെട്ടിടം നിൽക്കുന്നത്. സമീപത്തെ എസ്.ബി.ഐ.യിലേക്ക് ഒട്ടേറെപ്പേർ ദിവസേന എത്താറുമുണ്ട്.

കോഫിഹൗസിന് സമീപത്താണ് മറ്റുരണ്ട് കെട്ടിടങ്ങളുള്ളത്. ഈ കെട്ടിടങ്ങളിലെ ജനലുകൾ ഉൾപ്പെടെ ചില ഭാഗങ്ങൾ പൊളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കെട്ടിടത്തിന് ബലക്ഷയം ഉണ്ടായിട്ടുണ്ടോ എന്ന സംശയം നിലനിൽക്കുന്നുണ്ട്. ഇവ ബലപ്പെടുത്തുകയോ പൊളിച്ചുമാറ്റുകയോ ചെയ്തില്ലെങ്കിൽ വലിയ അപകടം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഇവരണ്ടും നാലുനില കെട്ടിടങ്ങളാണ്.

കെട്ടിടം പൊളിച്ചുമാറ്റുന്നതുസംബന്ധിച്ച് നഗരസഭയിൽ പരാതി നൽകിയതായി വാർഡ് കൗൺസിലർ കെ. സുനിൽകുമാർ പറഞ്ഞു. എന്നാൽ, ഇതുവരെ നടപടി ഉണ്ടായിട്ടില്ല. വിദ്യാർഥികൾക്ക് ഉൾപ്പെടെ ഭീഷണിയുയർത്തുന്ന കെട്ടിടം പൊളിച്ചുമാറ്റുകയും മറ്റുള്ളവ ബലപ്പെടുത്തുകയോ പൊളിച്ചുമാറ്റുകയോ ചെയ്യുന്നതിനുള്ള നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.