ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍. 13 വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത നാല് പേരാണ് പിടിയിലായത്.

കൊല്ലം പരവൂര്‍ സ്വദേശികളായ മൂന്ന് വിദ്യാര്‍ഥികളും കൊല്ലപ്പെട്ട ശിവന്‍കുട്ടിയുടെ ബന്ധുവായ പെണ്‍കുട്ടിയുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. മോഷണത്തിനായി കൊല നടത്തിയെന്നാണ് വിദ്യാഥികളുടെ മൊഴി. പെൺകുട്ടിയാണ് കൊലപതാകം ആസൂത്രണം ചെയ്തത്.

ഐഫോണും ബൈക്കും വാങ്ങാനായിരുന്നു മോഷണം. കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ കൗമാരസംഘം പെൺകുട്ടിയെ കാണിച്ചതായാണ് വിവരം. ശേഷം വീട്ടിലാകെ മുളകുപൊടി വിതറിയിരുന്നുവെന്നും പൊലീസ് പറയുന്നു.

രണ്ട് ദിവസമായി ശിവന്‍കുട്ടിയെ കാണാനില്ലായിരുന്നു. ഞായറാഴ്ച വൈകീട്ട് ചെറുമകൾ തിരക്കി എത്തിയെങ്കിലും ഇദ്ദേഹത്തെ കാണാനായിരുന്നില്ല. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ നാട്ടുകാരുടെ സഹായത്തോടെ അടച്ചിട്ടിരുന്ന വീട് തുറന്ന് നോക്കിയപ്പോഴാണ് ശിവന്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കഴുത്തില്‍ തുണി മുറുക്കിയ പാടുമുണ്ടായിരുന്നു. വീട്ടില്‍ മറ്റാരുമില്ലാത്ത സമയം നോക്കിയാണ് കൗമാരസംഘം മോഷണവും കൊലപാതകവും നടത്തിയത്.

ആറ് പവൻ സ്വർണം മോഷണം പോയിട്ടുണ്ടെന്നാണ് ശിവന്‍കുട്ടിയുടെ കുടുംബം പറയുന്നത്. കൊലപാതകം നടക്കുമ്പോള്‍ ശിവന്‍കുട്ടിയുടെ മകള്‍ പ്രസവത്തിനായി വണ്ടാനം മെഡിക്കല്‍ കോളജിലായിരുന്നു. ഭാര്യയും ചെറുമകളും വീട്ടില്‍ ഉണ്ടായിരുന്നല്ല.