ദുബായ്: നബിദിനത്തോടനുബന്ധിച്ച് വിവിധ ഗൾഫ് രാജ്യങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചു. സെപ്റ്റംബർ 25-നാണ് നബിദിനമെങ്കിലും യുഎഇയിൽ 28-ാം തീയതിയാണ് പൊതുഅവധി നൽകിയിരിക്കുന്നത്. ഇതുവഴി ശനിയും ഞായറും ഉൾപ്പെടെ തുടർച്ചയായി മൂന്ന് ദിവസം അവധി ആസ്വദിക്കാൻ സാധിക്കും.

എന്നാൽ, ഷാർജയിൽ വെള്ളിയാഴ്ച ഇതിനകം തന്നെ ഒഴിവുദിനമായതിനാൽ ഈ പൊതുഅവധിയുടെ ആനുകൂല്യം ജീവനക്കാർക്ക് ലഭിക്കില്ല. പ്രത്യേക മന്ത്രിസഭാ തീരുമാനപ്രകാരമാണ് 25-ലെ അവധി 28-ലേക്ക് മാറ്റിയത്. ഒമാനിലും കുവൈത്തിലും സെപ്റ്റംബർ 27-നാണ് നബിദിന അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

വെള്ളിയും ശനിയും വാരാന്ത്യ അവധിയായതിനാൽ ഇവിടങ്ങളിലും തുടർച്ചയായി മൂന്ന് ദിവസത്തെ ഒഴിവ് ലഭിക്കുന്ന രീതിയിലാണ് അവധി പുനഃക്രമീകരിച്ചിട്ടുള്ളത്. അതേസമയം, ബഹ്‌റൈനിൽ നബിദിനമായ സെപ്റ്റംബർ 25-ന് തന്നെയാണ് ഔദ്യോഗികമായി പൊതുഅവധി നൽകിയിരിക്കുന്നത്.