കായികരംഗത്തെ മികവിനുള്ള അര്‍ജുന, ദ്രോണാചാര്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രണ്ട് മലയാളികളടക്കം 17 കായികതാരങ്ങളാണ് അര്‍ജുന അവാര്‍ഡിന് അര്‍ഹരായത്. രാജ്യാന്തര ബാഡ്മിന്‍റന്‍ താരം ട്രീസ ജോളിക്കും അത്‍ലീറ്റ് മുഹമ്മദ് അജ്മലിനും അർജുന അവാർഡ് ലഭിച്ചു. മൂന്നുപേര്‍ ദ്രോണാചാര്യ പുരസ്കാരം നേടി.

പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി സ്വദേശിയായ മുഹമ്മദ് അജ്മല്‍ ഇന്ത്യയുടെ 4x400 മീറ്റര്‍ റിലേ ടീമിലെ പ്രധാന ഓട്ടക്കാരനാണ്. കണ്ണൂര്‍ സ്വദേശിനി ട്രീസ ജോളി 2022 കോമൺവെൽത്ത് ഗെയിംസിൽ ഇരട്ട മെഡലുകൾ നേടിയിട്ടുണ്ട്. ഇതിഹാസ ഫുട്‌ബോൾതാരം അരുമനായകത്തിന് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു. ചെസ്സ് ലോകകപ്പ് ജേതാവ് ദിവ്യ ദേശ്മുഖിനും പുരസ്‌കാരമുണ്ട്.



അത്‌ലറ്റിക് കോച്ച് പർവീർ സിങ്, ബോക്‌സിങ് കോച്ച് ഛോട്ടെ ലാൽ യാദവ്, ഷൂട്ടിങ് കോച്ച് നോഹ നന്ദ കുമാർ ചവാൻ എന്നിവരാണ് ദ്രോണാചാര്യ പുരസ്‌കാരം നേടിയത്. എന്നാൽ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ധ്യാൻ ചന്ദ് ഖേൽരത്ന പുരസ്കാരം ആരും അര്‍ഹനായില്ല. സുപ്രീം കോടതി റിട്ടയേർഡ് ജസ്റ്റിസ് അരുൺ കുമാർ മിശ്ര അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.