കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി ഷബീറിനെയാണ് പോലീസ് പിടികൂടിയത്. മൂന്ന് മാസമായി ഒളിവിലായിരുന്ന പ്രതിയെ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്.
കേസിലെ മുഖ്യപ്രതിയോടൊപ്പം സ്വർണം പങ്കിട്ട് എടുത്തത് ഷബീറായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഏകദേശം നാല് കോടി രൂപയുടെ സ്വർണമാണ് ഇവർ പങ്കിട്ടെടുത്തത്. എന്നാൽ സ്വർണം പൂർണമായും ഇതുവരെ കണ്ടെടുക്കാനായിട്ടില്ല.
ഇതിനിടെ എടക്കര പൊലീസ് സ്റ്റേഷനിലെ മുൻ എസ്.ഐയെ ഷബീർ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയും പുറത്തുവന്നു. മുൻ എസ്.ഐക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ നേരത്തെയും ഷബീറിനെതിരെ എടക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.സ്വർണം പൊട്ടിക്കൽ കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.