കോഴിക്കോട്: ഓണം അടുത്തെത്തിയതോടെ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് സാധാരണക്കാരുടെ കുടുംബബജറ്റിന് കനത്ത തിരിച്ചടിയാകുന്നു. അരി, പച്ചക്കറി, വെളിച്ചെണ്ണ, പഞ്ചസാര, പയര്‍വര്‍ഗങ്ങള്‍ തുടങ്ങി അടുക്കളയിലെ അവശ്യസാധനങ്ങള്‍ക്കെല്ലാം വില വര്‍ധിച്ചതോടെ ഓണച്ചെലവ് എങ്ങനെ നിയന്ത്രിക്കുമെന്ന ആശങ്കയിലാണ് കുടുംബങ്ങള്‍. ഓണവിപണിയിലെ തിരക്ക് പൂര്‍ണമായി ആരംഭിക്കുന്നതിന് മുമ്പേ വില ഉയര്‍ന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്കയും ശക്തമാണ്.
ഓണസദ്യയിലെ പ്രധാന ചേരുവയായ അരിയുടെ വിലയിലാണ് ആദ്യം കാര്യമായ വര്‍ധനയുണ്ടായത്. കേരളത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന മട്ട അരിയുടെ വില കിലോയ്ക്ക് 65 രൂപയായി. ഒരു മാസത്തിനിടെ പല ഇനങ്ങള്‍ക്കും അഞ്ച് മുതല്‍ 20 രൂപ വരെയാണ് വര്‍ധിച്ചത്. ആന്ധ്ര ജയ അരിക്ക് 42 രൂപയില്‍ നിന്ന് 45 രൂപയായി. കര്‍ണാടക വടി മട്ടയ്ക്ക് 55ല്‍ നിന്ന് 58 രൂപയായി. കര്‍ണാടക പച്ചരിയുടെ വില 29.50 രൂപയില്‍ നിന്ന് 32 രൂപയായി ഉയര്‍ന്നു. തമിഴ്‌നാട് കുറുവയ്ക്ക് 34 രൂപയില്‍ നിന്ന് 40 രൂപയായി.
സിംഗിള്‍ മട്ട, ഡബിള്‍ മട്ട എന്നിവയ്ക്ക് 44 രൂപയില്‍ നിന്ന് 47 രൂപയായി. 50 രൂപയുണ്ടായിരുന്ന ജ്യോതി മട്ടയ്ക്ക് ഇപ്പോള്‍ 57 രൂപയാണ് വില. ജയ അരിക്ക് 40ല്‍ നിന്ന് 45 രൂപയായി. ഒഡീഷ കുറുവയ്ക്ക് 34ല്‍ നിന്ന് 40 രൂപയും ആന്ധ്ര സുലേഖയ്ക്ക് 42ല്‍ നിന്ന് 49 രൂപയുമായി. ഏറ്റവും വലിയ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത് തെലങ്കാന സോന മസൂരിക്കാണ്. 45 രൂപയുണ്ടായിരുന്ന അരിക്ക് ഇപ്പോള്‍ 65 രൂപയാണ്. വന്‍ ഡിമാന്‍ഡുള്ള ടൈഗര്‍ മാര്‍ക്ക് പൊന്നിക്കും 12 രൂപയോളം വര്‍ധിച്ച് 55 മുതല്‍ 57 രൂപ വരെയായി.
അരിക്ക് പിന്നാലെ പച്ചക്കറികളും കുടുംബബജറ്റിനെ പൊള്ളിക്കുന്നു. രണ്ടാഴ്ചയ്ക്കിടെ പല പച്ചക്കറികള്‍ക്കും 10 മുതല്‍ 50 രൂപ വരെയാണ് വില വര്‍ധിച്ചത്. ഇഞ്ചിയുടെ മൊത്തവില 200ല്‍ നിന്ന് 240 രൂപയായി. തക്കാളിക്ക് 20ല്‍ നിന്ന് 24 രൂപയായി. ബീന്‍സിന് 70ല്‍ നിന്ന് 120 രൂപയായി. വെളുത്തുള്ളിക്ക് 230 മുതല്‍ 280 രൂപ വരെയാണ് വില. കാരറ്റിന് 60 മുതല്‍ 80 രൂപ വരെയും ബീറ്റ്‌റൂട്ടിന് 60 രൂപയും പയറിന് 80 രൂപയുമാണ് നിരക്ക്. പാവയ്ക്ക, വെണ്ടയ്ക്ക, കാപ്‌സിക്കം എന്നിവയ്ക്കും കിലോയ്ക്ക് 60 രൂപയോളം വിലയുണ്ട്.
കോഴിക്കോട്ടെ വിപണിയില്‍ ഇഞ്ചി, കാരറ്റ്, പാവയ്ക്ക, വാഴക്കായ, പടവലങ്ങ തുടങ്ങിയവയ്ക്കും ഉയര്‍ന്ന വിലയാണ്. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കൃഷിയെ ബാധിച്ചതോടെ പച്ചക്കറികളുടെ ലഭ്യത കുറഞ്ഞതാണ് വിലവര്‍ധനയ്ക്ക് പ്രധാന കാരണമെന്നാണ് വ്യാപാരികളുടെ വിശദീകരണം. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള വരവിനെയും കാലാവസ്ഥാ സാഹചര്യങ്ങള്‍ ബാധിച്ചിട്ടുണ്ട്. ഓണത്തോടനുബന്ധിച്ചുള്ള ആവശ്യകത കൂടുന്നതോടെ വില വീണ്ടും ഉയരാനാണ് സാധ്യത.
വെളിച്ചെണ്ണവിലയും 300 രൂപ കടന്നതോടെ അടുക്കളച്ചെലവ് കുതിച്ചുയരുകയാണ്. പലയിടത്തും 350 മുതല്‍ 400 രൂപ വരെയാണ് വില. തേങ്ങയ്ക്കും കൊപ്രയ്ക്കും കാര്യമായ ക്ഷാമമില്ലെങ്കിലും വിപണിയിലെ ഇടപെടലുകള്‍ വില ഉയരാന്‍ കാരണമാകുന്നതായി വ്യാപാരികള്‍ പറയുന്നു. ഓണം മുന്നില്‍ക്കണ്ട് തമിഴ്‌നാട്ടിലെ വന്‍കിട വ്യാപാരികള്‍ കൊപ്ര ശേഖരിച്ചതോടെ വിപണിയില്‍ വില ഉയര്‍ന്നതായും ആരോപണമുണ്ട്.
പഞ്ചസാരയ്ക്കും ഒറ്റയടിക്ക് രണ്ടര രൂപയോളം വര്‍ധനയുണ്ടായി. ചെറിയ ഉള്ളിക്ക് 82 മുതല്‍ 110 രൂപ വരെയും മുരിങ്ങയ്ക്ക് 70 മുതല്‍ 80 രൂപ വരെയും വഴുതനയ്ക്ക് 90 മുതല്‍ 110 രൂപ വരെയും വിലയുണ്ട്. തേങ്ങയ്ക്ക് 70 മുതല്‍ 85 രൂപയും സവാളയ്ക്ക് ഏകദേശം 50 രൂപയും പച്ചമുളകിന് 90 രൂപ വരെയും ഈടാക്കുന്നുണ്ട്.
അരിയും പച്ചക്കറിയും എണ്ണയും പലചരക്ക് സാധനങ്ങളും ഒരുമിച്ച് വില ഉയര്‍ന്നതോടെ ഇത്തവണത്തെ ഓണസദ്യ സാധാരണക്കാരന് കൂടുതല്‍ ചെലവേറിയതാകുമെന്നുറപ്പ്. ഓണാഘോഷത്തിന്റെ ഭാഗമായി കൂടുതല്‍ സാധനങ്ങള്‍ വാങ്ങേണ്ട സമയത്താണ് വിലക്കയറ്റം കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. പലരും വാങ്ങേണ്ട സാധനങ്ങളുടെ അളവ് കുറയ്ക്കാനും ആഘോഷച്ചെലവില്‍ നിയന്ത്രണം കൊണ്ടുവരാനും നിര്‍ബന്ധിതരാകുന്നു.
വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി വിപണിയില്‍ ഇടപെടണമെന്നും ഹോര്‍ട്ടികോര്‍പ്പ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വഴി സബ്‌സിഡിയോടെ അവശ്യസാധനങ്ങള്‍ ലഭ്യമാക്കണമെന്നും ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നു. ഓണം സന്തോഷത്തിന്റെ ഉത്സവമാണെങ്കിലും വിപണിയിലെ വിലക്കയറ്റം സാധാരണക്കാരന്റെ ആഘോഷത്തിന് മേല്‍ വലിയ സാമ്പത്തികഭാരം ചുമത്തുകയാണ്. സദ്യയിലെ വിഭവങ്ങള്‍ കൂടുമ്പോള്‍ കീശയിലെ പണം കുറയുന്ന ഓണക്കാലമാണ് ഇത്തവണ മുന്നിലുള്ളത്.