ആലപ്പുഴ:  കരുവാറ്റ കൊലപാതക കേസില്‍ ശിവന്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങള്‍ പുറത്ത്. കൃത്യത്തിന് മുമ്പ് ശിവന്‍കുട്ടി ക്രൂരമര്‍ദ്ദനത്തിന് ഇരിയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലയ്ക്ക് ശക്തമായ അടിയേറ്റിരുന്നു. അടിയെ തുടര്‍ന്ന് തലച്ചോറില്‍ ആന്തരിക രക്തസ്രാവമുണ്ടായി. അബോധാവസ്ഥയില്‍ ആയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. താടിയെല്ലിന് മുകളിലേക്ക് ആഴത്തിലുള്ള പരിക്കുകളുമുണ്ട്.

കൃത്യത്തിലെ മുഖ്യ ആസൂത്രക ബന്ധുവായ 13കാരി തന്നെയാണെന്ന് പൊലീസ് അറിയിച്ചു. കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് നടന്നത്. പെണ്‍കുട്ടിയാണ് പദ്ധതി തയ്യാറാക്കിയത്. സ്വര്‍ണവും പണവും എവിടെയെന്നത് സംബന്ധിച്ച് കൃത്യമായ വിവരം നല്‍കിയിരുന്നു. കൊല്ലാനായിരുന്നു പതിമൂന്നുകാരിയുടെ നിര്‍ദേശം.

കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതികള്‍ കരുവാറ്റയില്‍ എത്തിയത്. കൊല്ലത്ത് നിന്ന് ട്രെയിനിലായിരുന്നു ഇവര്‍ എത്തിയത്. ശുചിമുറിയിലെ വെന്റിലേറ്ററിലൂടെയാണ് പ്രതികള്‍ വീടിനകത്ത് പ്രവേശിച്ചത്. ശബ്ദം കേട്ട് ശിവന്‍കുട്ടി എത്തിയപ്പോഴായിരുന്നു ക്രൂരമര്‍ദ്ദനം.

കേസില്‍ 13കാരി അടക്കം പ്രായപൂര്‍ത്തിയാകാത്ത നാല് പേരാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. കൂട്ടുപ്രതികള്‍ പെണ്‍കുട്ടിയുടെ കൂടെ പഠിച്ചവരും പരിചയക്കാരുമാണ്. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഒരു പ്രൊഫഷണല്‍ കൊലപാതകിയല്ല ഇതിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. വീട്ടിനുള്ളില്‍ ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയം നിലനില്‍ക്കേയാണ് എട്ടാം ക്ലാസുകാരിയാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് മനസിലാക്കിയത്.