ഷാർജ:പ്രവാസത്തിന്റെ കയ്പ്പേറിയ അനുഭവങ്ങൾ ഉള്ളിലൊതുക്കി ഷാർജയിലെ പാർക്കിൽ അന്ത്യശ്വാസം വലിച്ച കൊല്ലം സ്വദേശി ഷാജഹാന്റെ (54) മൃതദേഹം നാട്ടിലെത്തിക്കാൻ നിയമക്കുരുക്ക്. മൃതദേഹം വിട്ടുകിട്ടാൻ അടുത്ത രക്തബന്ധമുള്ളവരുടെ ഡിഎൻഎ പരിശോധന വേണമെന്ന ഷാർജ പോലീസിന്റെ നിലപാടാണ് കുടുംബത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കൊല്ലം പുനലൂർ പേപ്പർമിൽ സ്വദേശിയായ ഷാജഹാൻ കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് ഷാർജ അൽ ഇത്തിഹാദ് സ്ക്വയർ പാർക്കിൽ മരിച്ചത്. 

വർഷങ്ങളായി കുടുംബവുമായി അകന്നു കഴിഞ്ഞിരുന്നതിനാലും പാസ്‌പോർട്ടിലെ വിവരങ്ങളിൽ ചില പൊരുത്തക്കേടുകൾ ഉള്ളതിനാലുമാണ് പോലീസ് ഡിഎൻഎ പരിശോധന കർശനമാക്കിയത്. സൗദിയിലുള്ള മകനോ നാട്ടിലുള്ള മകളോ എത്തി പരിശോധന നടത്തി ഫലം പോസിറ്റീവായാൽ മാത്രമേ മൃതദേഹം വിട്ടുനൽകുകയുള്ളൂ എന്ന് സാമൂഹിക പ്രവർത്തകൻ ലബീബ് അറിയിച്ചു. 

ഇതിനായുള്ള ഔദ്യോഗിക നടപടികൾ പുരോഗമിക്കുകയാണ്. ഓഗസ്റ്റ് മൂന്നിന് വൈകിട്ട് അഞ്ചോടെയാണ് ഷാജഹാൻ പാർക്കിലെ ബെഞ്ചിൽ മരിച്ചത്. എന്നാൽ അദ്ദേഹം ഉറങ്ങുകയാണെന്ന് കരുതി ആരും ശ്രദ്ധിച്ചിരുന്നില്ല. രാത്രി ഒൻപ മണിയോടെയാണ് മരണം സ്ഥിരീകരിച്ചതും മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയതും. കടുത്ത പ്രമേഹബാധിതനായിരുന്ന അദ്ദേഹം ചികിത്സ തേടാനോ മരുന്നുകൾ കഴിക്കാനോ തയ്യാറായിരുന്നില്ല. 26 വർഷത്തോളം പ്രവാസിയായിരുന്ന ഷാജഹാൻ കഴിഞ്ഞ ഏഴു വർഷമായി കുടുംബവുമായി യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല. മക്കളുടെ വിവാഹത്തിന് പോലും അദ്ദേഹം നാട്ടിലെത്തിയില്ല. ഷാർജയിലെ പാർക്കിൽ നിരാലംബനായി കഴിഞ്ഞിരുന്ന അദ്ദേഹം പള്ളിയിലെ സൗകര്യങ്ങൾ ഉപയോഗിച്ചും മറ്റുള്ളവർ നൽകുന്ന ഭക്ഷണത്തിലുമാണ് ജീവിതം തള്ളിനീക്കിയിരുന്നത്. സാമൂഹിക പ്രവർത്തകയായ മായ പലതവണ അദ്ദേഹത്തെ സഹായിക്കാൻ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം തന്റെ ജീവിതസാഹചര്യങ്ങൾ മാറ്റാൻ തയ്യാറായിരുന്നില്ല. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റോ ഷാർജയിലെ പ്രവാസി സംഘടനകളോ കാര്യമായി ഇടപെട്ടിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് മകൾ തസ്നിം കണ്ണീരോടെ അപേക്ഷിക്കുന്നു. ഏഴ് വർഷമായി കാണാത്ത തന്റെ വാപ്പയുടെ മുഖം അവസാനമായി ഒന്ന് കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. വിധിയുടെ ക്രൂരതയിൽ പ്രവാസ ലോകത്ത് തനിച്ചായിപ്പോയ ഒരു മലയാളിയുടെ മൃതദേഹത്തിന് മുന്നിൽ ഇപ്പോൾ നിയമത്തിന്റെ നൂലാമാലകളും ബാക്കിയാവുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം.