പാലക്കാട്: മുതലമടയിൽ പ്ലസ് വൺ വിദ്യാർഥികളുടെ തർക്കത്തിനിടെ കുത്തേറ്റ ഒരാൾക്ക് പരുക്ക്. മുതലമടയിൽ മെഡിക്കൽ ഷോപ്പ് നടത്തുന്ന ഷാജഹാനാണ് പരുക്കേറ്റത്. കൈയ്ക്കാണ് കുത്തേറ്റത്.
ഇൻസ്റ്റഗ്രാമിൽ റീൽ ഷെയർ ചെയ്തതിനെ തുടർന്നാണ് പ്ലസ് വൺ വിദ്യാർഥികൾ തമ്മിൽ തർക്കമുണ്ടായതെന്നാണ് വിവരം. തർക്കം പിന്നീട് കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു.
വിദ്യാർഥികൾ തമ്മിൽ അടിപിടിയുണ്ടായപ്പോൾ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഷാജഹാന് കുത്തേറ്റത്. പ്ലസ് വൺ വിദ്യാർഥി കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഷാജഹാനെ കുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
കൈയ്ക്ക് പരുക്കേറ്റ ഷാജഹാനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തിന്റെ കൂടുതൽ വിവരങ്ങളും കുത്തേറ്റ സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.