കൊച്ചി: കൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. യുവനടി അടക്കമുള്ള മൂന്നുപേരുടെ അപേക്ഷയാണ് തള്ളിയത്.
ഡോക്ടറെ മർദിച്ച സംഭവത്തിൽ സിനിമാ താരം ഉൾപ്പെടെ മൂന്നുപേരായിരുന്നു പിടിയിലായിരുന്നത്. രോഗിയെ ചികിത്സിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി മർദിച്ചുവെന്നായിരുന്നു പരാതി. ഡോക്ടറുടെ മൊബൈൽ ഫോണുകളും വാച്ചും സംഘം കവർന്നുവെന്നും പരാതിയിലുണ്ട്. പിന്നാലെയാണ് നടി ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.
12 പേരടങ്ങുന്ന സംഘം തന്നെ മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് ഡോക്ടർമാർ നേരിട്ടെത്തി പരാതി നൽകിയത്. നടിയും ഇവരുടെ സുഹൃത്തുക്കളായ കണ്ടാലറിയാവുന്ന 11 പേർക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. നടിയെ കൂടാതെ ജിതിൻ, വിഷ്ണു എന്നിവരാണ് പൊലീസിന്റെ പിടിയിലായ മറ്റ് രണ്ടുപേർ. യുവനടിയുടെ കുടുംബ ഡോക്ടറായിരുന്നു മർദനമേറ്റയാളെന്നും റിപ്പോർട്ടുണ്ട്.
അതേസമയം യുവനടിയുടെ ബന്ധുവിനെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ഡോ. ജോൺസൺ കെ. വർഗീസിനായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. കേസിന് പിന്നാലെ സ്വകാര്യ ആശുപത്രിയിൽ നിന്നും പിരിച്ചുവിട്ട ഡോക്ടർ ജോൺസൺ കെ. വർഗീസ്, ബലാത്സംഗക്കേസിനെ തുടർന്ന് ഒളിവിൽ പോയിരുന്നു. ഇയാളോടൊപ്പം പൊലീസ് പിടിച്ചെടുത്ത മൊബൈൽ ഫോണുകളിൽ സ്ത്രീകളുടേതായി 40 ലധികം സ്വകാര്യ വീഡിയോ ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത ഉപകരണങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പൊലീസ് നടത്തിവരികയാണ്.