എറണാകുളം: മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിൽ രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ജിഎസ്ടി ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കുമാറിനെയും കാസർഗോഡ് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണറായ വി. സജിത്തിനെയും ആണ് സ്ഥലം മാറ്റിയത്. സുനിൽ കുമാറിനെ ആലപ്പുഴ ജില്ലയിലെ കുത്തിയതോട് ഓഡിറ്റ് ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ എന്ന അപ്രധാന തസ്തികയിലേക്കാണ് സ്ഥലം മാറ്റിയത്.
റിപ്പോർട്ടർ ചാനലിനെതിരെയുള്ള നികുതിവെട്ടിപ്പ് കേസ് തടസ്സപ്പെടുത്താൻ സുനിൽ കുമാർ ഇടപെട്ടതായി മൊഴി ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടി. കാസർഗോഡ് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണറായ സജിത്തിനെയും ഓഡിറ്റ് വിഭാഗത്തിലേക്കാണ് മാറ്റിയത്. ഇരുവരെയും പ്രധാനപ്പെട്ട സ്ഥാനത്തുനിന്ന് മാറ്റി അപ്രധാനമായ സ്ഥാനമാണ് നൽകിയിരിക്കുന്നത്.
കേസിലെ ഉന്നതതല ഇടപെടലുകൾ അന്വേഷണവിധേയമാക്കിയതിനെത്തുടർന്നാണ് സർക്കാരിന്റെ നടപടി. ടെൻഡർ നടപടികൾ പാലിക്കാതെയും ചട്ടങ്ങൾ ലംഘിച്ചും സ്പോൺസർഷിപ്പ് കരാറുകൾ നൽകിയതിൽ മന്ത്രിതലത്തിലുള്ള ഗൂഢാലോചനയുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.