തിരൂരങ്ങാടി: ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കാതെ ഏജന്റുമാർ മുഖേന മൈസൂരിൽ നിന്ന് ലൈസൻസ് സംഘടിപ്പിച്ച് കേരളത്തിലെ ലൈസൻസാക്കി മാറ്റിയ സംഭവത്തിൽ ശക്തമായ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. തിരൂരങ്ങാടി സബ് ആർ.ടി. ഓഫീസ് പരിധിയിൽ ഇത്തരത്തിൽ നേടിയതായി കണ്ടെത്തിയ 24 ഡ്രൈവിംഗ് ലൈസൻസുകളാണ് റദ്ദാക്കിയത്. മലപ്പുറം ജില്ലയ്ക്ക് പുറമെ കോഴിക്കോട്, വയനാട്, തൃശൂർ ജില്ലകളിൽ നിന്നുള്ളവരുടെ ലൈസൻസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.
മൈസൂരിൽ ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകാതെ ഏജന്റുമാർ വഴി നേടിയ ലൈസൻസുകളിലെ പേര്, വിലാസം, ഫോട്ടോ, ഒപ്പ് തുടങ്ങിയ വിവരങ്ങളിൽ തിരിമറി നടത്തി സാരഥി സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്തി കേരളത്തിൽ അനുവദിച്ച ലൈസൻസായി മാറ്റുകയായിരുന്നു എന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. മൈസൂരിലെ ഏജന്റുമാരും കേരളത്തിലെ ഇടനിലക്കാരും തമ്മിലുള്ള ബന്ധത്തിലൂടെയാണ് ഇടപാടുകൾ നടന്നതെന്നും അന്വേഷണത്തിൽ വ്യക്തമായതായി വകുപ്പ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
സംഭവത്തിൽ ഓരോ ലൈസൻസ് ഉടമയ്ക്കും തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് പ്രത്യേകം നോട്ടീസ് നൽകി ഹിയറിങ് നടത്തി. ബന്ധപ്പെട്ട രേഖകളും ലൈസൻസ് വിവരങ്ങളും പരിശോധിച്ച് വ്യാജമായി നേടിയതാണെന്ന് ഉറപ്പാക്കിയ ശേഷമാണ് റദ്ദാക്കൽ നടപടി സ്വീകരിച്ചത്.
നോട്ടീസ് കൈപ്പറ്റാത്തവരെയും അന്വേഷണത്തിൽ നിന്ന് ഒഴിവാക്കിയില്ല. ലഭ്യമായ വിലാസങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി ഇവരെ കണ്ടെത്തി വീണ്ടും നോട്ടീസ് നൽകുകയും ഹിയറിങ്ങിന് ഹാജരാക്കുകയും ചെയ്ത ശേഷമാണ് നടപടികൾ പൂർത്തിയാക്കിയത്.
ഓരോ ലൈസൻസിനും 25,000 മുതൽ 35,000 രൂപ വരെ ഈടാക്കിയിരുന്നതായാണ് പ്രാഥമിക വിവരം. ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കാതെ പണം നൽകി ലൈസൻസ് സ്വന്തമാക്കുന്ന രീതിയിൽ പ്രവർത്തിച്ചിരുന്ന സംഘത്തിന്റെ ഇടപെടലുകൾ കണ്ടെത്തിയതോടെയാണ് പരിശോധന വ്യാപകമാക്കിയത്.വ്യാജ രേഖകൾ ഉപയോഗിച്ച് ഔദ്യോഗിക രേഖകളിൽ തിരിമറി നടത്തി ലൈസൻസ് നേടുന്നത് ഗുരുതരമായ നിയമലംഘനമാണെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിലയിരുത്തൽ. വ്യാജ ലൈസൻസ് തയ്യാറാക്കാൻ മൈസൂരിലും കേരളത്തിലും പ്രത്യേക ഏജന്റുമാർ പ്രവർത്തിച്ചിരുന്നുവെന്ന വിവരവും അന്വേഷണത്തിൽ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുകയാണ്. വ്യാജരേഖകൾ ഉപയോഗിച്ച് ലൈസൻസ് നേടിയവർക്കെതിരെയും അത് തയ്യാറാക്കി നൽകിയ ഇടനിലക്കാർക്കെതിരെയും കൂടുതൽ കർശന നടപടികൾ ഉണ്ടാകുമെന്നാണ് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നത്.
അതേസമയം, സംഭവത്തിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയ മോട്ടോർ വാഹന വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ലൈസൻസ് അനുവദിക്കുന്ന നടപടിക്രമങ്ങളിലെ വീഴ്ചകൾക്കും ഉദ്യോഗസ്ഥരുടെ പങ്കിനും പിന്നാലെ വകുപ്പ് തലത്തിലും പരിശോധന തുടരുകയാണ്.
ഡ്രൈവിംഗ് ടെസ്റ്റ് നടത്താതെ പണം നൽകി ലൈസൻസ് നേടുന്ന സംവിധാനത്തിനെതിരായ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ റദ്ദാക്കൽ നടപടികളെ മോട്ടോർ വാഹന വകുപ്പ് കാണുന്നത്.