കോഴിക്കോട്: കരിപ്പൂരിൽ കുഞ്ഞിന്റെ ഡയപ്പറിൽ സ്വർണം കടത്തിയ കേസിലെ പ്രതി സ്വർണക്കടത്തിനായി രണ്ടിലധികം വിവാഹം ചെയ്തതായി കണ്ടെത്തൽ.

പൊന്നാനി കോക്കൂർ സ്വദേശി ഫാറൂഖിനാണ് രണ്ടിലധികം ഭാര്യമാരുള്ളത്. എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് ഒരു കോടിയുടെ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഫാറൂഖ് കരിപ്പൂരിൽ പിടിയിലായത്.

ഇയാളുടെ രണ്ടാം ഭാര്യയെ കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിൽ രണ്ട് കോടിയുടെ സ്വർണവുമായി ഡിആർഐ പിടികൂടിയിരുന്നു. 28-കാരിയായ യുവതി നാപ്കിനിൽ ഒളിപ്പിച്ച് കടത്തിയത് 1.78 കിലോ സ്വർണമാണ്.

ഭർത്താവാണ് സ്വർണം ഒളിപ്പിച്ച് യാത്രയാക്കിയതെന്ന് യുവതി മൊഴി നൽകിയിരുന്നു. ഇതേ തുടർന്ന് ഭർത്താവിനെ നിരീക്ഷിച്ച ഡിആർഐ സംഘമാണ് ഫാറൂഖിനെ പിടികൂടിയത്.

മൂന്ന് കുട്ടികളുമായി റാസൽഖൈമയിൽ നിന്ന് എത്തിയ 34-കാരൻ കുഞ്ഞിന്റെ ഡയപ്പറിലും സ്വന്തം ശരീരത്തിലുമായാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ഇതുവരെ ഇരുവരും ചേർന്ന് മൂന്ന് കോടിയുടെ സ്വർണം കടത്തിയതായി ഡിആർഐ അറിയിച്ചു.