പേരാമ്പ്ര: കൽപത്തൂർ രാവറ്റമംഗലത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. രാവറ്റമംഗലം റേഷൻ ഷോപ്പിന് സമീപം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കൾക്ക് നേരെയാണ് കാട്ടുപന്നിയുടെ പാച്ചിലുണ്ടായത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.
മച്ചലത്ത് മുഹമ്മദ് സാലിഹ്, നിവേദ് എന്നിവർക്കാണ് പരിക്കേറ്റത്. മുഹമ്മദ് സാലിഹിന്റെ പരിക്ക് ഗുരുതരമാണ്. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നിവേദിനെ ആദ്യം മേപ്പയൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തുടർചികിത്സയ്ക്കായി പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
കൽപത്തൂർ ഭാഗത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്. നേരത്തെയും ഇവിടെ ജനങ്ങൾക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണമുണ്ടായിരുന്നു. കാട്ടുമൃഗങ്ങളുടെ നിരന്തരമായ ആക്രമണങ്ങളിൽ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നാട്ടുകാരുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. പ്രദേശത്ത് അടിയന്തരമായി ഫലപ്രദമായ വന്യജീവി പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.