പയ്യന്നൂർ: കണ്ടോത്ത് ദേശീയപാതയിൽ എൽ.പി.ജി ടാങ്കറും സിമൻ്റ് ബൾക്കറും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെയാണ് അപകടം.
പയ്യന്നൂർ ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന എൽ.പി.ജി ടാങ്കറും മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സിമൻ്റ് ബൾക്കറുമാണ് കൂട്ടിയിടിച്ചത്.
അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട എൽ.പി.ജി ടാങ്കർ റോഡരികിലെ ചായക്കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
എൽ.പി.ജി ടാങ്കറിന്റെ ഡ്രൈവർ വാഹനത്തിനുള്ളിൽ കുടുങ്ങി. വിവരമറിഞ്ഞ് പയ്യന്നൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫിസർ സി.പി. രാജേഷിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തി. ഏറെ നേരം പണിയെടുത്താണ് ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
അപകടത്തിൽ നേരിയ പരിക്കേറ്റ സിമൻ്റ് ബൾക്കറിലെ ഡ്രൈവറെയും ടാങ്കർ ഡ്രൈവറെയും ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.
അപകടസമയത്ത് എൽ.പി.ജി നിറച്ച ടാങ്കറായിരുന്നെങ്കിലും വാതകച്ചോർച്ച കണ്ടെത്തിയിട്ടില്ല. ഇത് വൻ ദുരന്തം ഒഴിവാകാൻ കാരണമായി.
അപകടത്തെത്തുടർന്ന് കൂടുതൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ഐ.ഒ.സി അധികൃതർ സ്ഥലത്തെത്തിയ ശേഷം ക്രെയിൻ ഉപയോഗിച്ച് ടാങ്കർ മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു.