കോട്ടയം: കേരളത്തിൽ പ്രായപൂർത്തിയാകാതെ വാഹനം ഓടിച്ചതിന് പിടിയിലായവരിൽ ഭൂരിഭാഗവും മലപ്പുറം ജില്ലയിൽ നിന്നുള്ളവർ. നവംബർ 2 മുതൽ 8 വരെ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് കുട്ടികൾ വാഹനമോടിക്കുന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്.

ആകെ 453 നിയമലംഘനങ്ങൾ കണ്ടെത്തിയതിൽ പകുതിയോളവും (220 എണ്ണം) മലപ്പുറത്താണ് റിപ്പോർട്ട് ചെയ്തത്.

സംസ്ഥാനത്തെ വിവിധ പൊലീസ് ജില്ലകളിലായി ആകെ 99,181 വാഹനങ്ങളാണ് പരിശോധിച്ചത്.

ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയതിൽ മലപ്പുറത്തിന് പിന്നിൽ കൊല്ലവും (59 കേസുകൾ) കണ്ണൂർ സിറ്റിയുമാണ് (48 കേസുകൾ). തൃശൂർ, പാലക്കാട്, കാസർകോട് എന്നിവിടങ്ങളിൽ 22 വീതവും കണ്ണൂർ റൂറലിൽ 15 കേസുകളും കണ്ടെത്തി.

തിരുവനന്തപുരം റൂറലിൽ 10-ഉം കോഴിക്കോട് റൂറലിൽ 9-ഉം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആലപ്പുഴ, തിരുവനന്തപുരം സിറ്റി എന്നിവിടങ്ങളിൽ 5 വീതവും കോട്ടയത്ത് 4-ഉം കൊച്ചി സിറ്റിയിൽ 3-ഉം കേസുകളാണ് പിടികൂടിയത്.

ഏറ്റവും കൂടുതൽ വാഹന പരിശോധന നടന്നത് കൊച്ചി നഗരത്തിലാണ് (10,961 എണ്ണം). കൊച്ചി ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ച സംഭവത്തെ തുടർന്നാണ് കേരള പൊലീസ് പരിശോധന കർശനമാക്കിയത്.

ലൈസൻസില്ലാതെ വാഹനം ഓടിക്കുന്ന കുട്ടികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഇവരുടെ ഭാവിയിലെ ഡ്രൈവിങ് ലൈസൻസിനെയും ഇത് ബാധിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. കുട്ടികൾക്ക് വാഹനം നൽകുന്ന രക്ഷിതാക്കൾക്കും കടുത്ത നിയമനടപടികൾ നേരിടേണ്ടി വരും.

കുട്ടികളിലെ ഡ്രൈവിങ് പ്രവണത വർധിക്കുന്നതിന് പിന്നിൽ വീഡിയോ ഗെയിമുകളുടെ സ്വാധീനവും ഓട്ടോമാറ്റിക് വാഹനങ്ങളുടെ ഉപയോഗവും കാരണമാകുന്നുണ്ടെന്ന് മനശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.