കണ്ണൂർ: പള്ളിക്കുന്നിലെ വീട്ടിൽ വിവാഹ സൽക്കാരത്തിനിടെയുണ്ടായ സംഘർഷത്തിൽ മധ്യവയസ്കൻ മരിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ധാന്യമിൽ ഉടമ പള്ളിക്കുന്ന് രാജീവ് നഗർ ഉന്നതിക്ക് സമീപത്തെ മാധവാലയത്തിൽ പി. സുമേശൻ (55) കൊല്ലപ്പെട്ട കേസിലാണ് ബി.ജെ.പി പ്രവർത്തകനായ പള്ളിക്കുന്ന് രാജീവ് നഗറിലെ പടിഞ്ഞാറെപ്പുരയിൽ പി.പി ശരത്ത് എന്ന ഉണ്ണി (38) യെ കണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ എട്ടിന് വൈകീട്ട് 3.30 ഓടെയാണ് വിവാഹ സൽക്കാരത്തിനിടെ സംഘർഷമുണ്ടായത്. സുമേശന്റെ ബന്ധുവായ സഞ്ജയന്റെ വീട്ടിലായിരുന്നു വിവാഹസൽക്കാരം.
അവിടെയുണ്ടായ ഒരാളുമായി സംസാരിക്കവെ തന്റെ മില്ലിൽ നിന്ന് ധാന്യം പൊടിച്ചതിന്റെ പണം നൽകാത്തത് സുമേശൻ ചോദിച്ചതാണ് വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിച്ചത്. ഒരു സംഘത്തിന്റെ ക്രൂര മർദ്ദനത്തിനിരയായ സുമേശൻ വീട്ടിൽ ടി.വി കാണുന്നതിനിടെ ഛർദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തളാപ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് ചാലയിലെ ആശുപത്രിയിൽ എത്തിച്ചു. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ കഴിഞ്ഞ പത്തിന് രാത്രിയാണ് സുമേശൻ മരിച്ചത്.
സഹോദരന്റെ പരാതിയിലാണ് ടൗൺ പൊലീസ് കേസെടുത്തത്.