കൊയിലാണ്ടി: കൊടക്കാട്ടുമുറിയിൽ മൂന്നു വയസ്സുകാരനെ അങ്കണവാടി അധ്യാപിക അടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് സെക്ഷൻ 75 പ്രകാരമാണ് കേസെടുത്തത്.

ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമായതിനാൽ കോടതി അനുമതി ലഭിച്ചതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. മർദ്ദനത്തിനിരയായ കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് നടപടി.

അഞ്ച് വർഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും വരെ ലഭിക്കാൻ സാധ്യതയുള്ള വകുപ്പാണിത്. കേസിൽ അധ്യാപികയുടെയും പരാതി നൽകിയ രക്ഷിതാക്കളുടെയും കുഞ്ഞിന്റെയും മൊഴിയെടുത്തിരുന്നു.

നവംബർ 12നായിരുന്നു സംഭവം. കൊടക്കാട്ടുമുറിയിൽ 29-ാം നമ്പർ പുതുക്കുടി അങ്കണവാടിയിലെ അധ്യാപിക രേഷ്മയാണ് കുട്ടിയെ മലവിസർജനം നടത്തിയതിന് അടിച്ചത്.

കുട്ടി അങ്കണവാടിയിൽ നിന്ന് തിരിച്ചു വന്നപ്പോൾ കുഞ്ഞിന്റെ കാലിൽ ചുവന്നു തിണർത്തത് വീട്ടുകാരുടെ ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസിലും ചൈൽഡ് ലൈനിലും പരാതി നൽകുകയായിരുന്നു. പരാതിക്ക് പിന്നാലെ അധ്യാപികയെ ഐ.സി.ഡി.എസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. ജില്ലാ പൊലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം മാനേജർ എന്നിവരോട് കമ്മിഷൻ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.