വടകര: അധ്യാപികമാർ ഉൾപ്പെട്ട വടകര എം.ഡി.എം.എ സാമ്പത്തിക ഇടപാട് കേസിലെ മുഖ്യപ്രതി ഷിന്റോ ഷിബുവിനെ കണ്ണൂരിലെത്തിച്ചു. ഹൈദരാബാദ് പൊലീസിന്റെ സഹായത്തോടെ പിടികൂടിയ ഷിന്റോയെ കണ്ണൂർ ടൗൺ പൊലീസ് ഹൈദരാബാദിലെത്തി കസ്റ്റഡിയിലെടുക്കുകയും കണ്ണൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

51.5 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിലായ കേസിലാണ് ഷിന്റോയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിൽ നേരത്തെ പിടിയിലായവർക്ക് എം.ഡി.എം.എ എത്തിച്ചുനൽകിയത് ഷിന്റോ ആണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷിന്റോയെ പിടികൂടിയത്.

ഷിന്റോയ്ക്കെതിരെ വടകരയിലുൾപ്പെടെ മറ്റ് ചില സ്റ്റേഷനുകളിലും കേസ് നിലവിലുണ്ട്. ഈ കേസിലെ നടപടിക്രമങ്ങൾക്ക് ശേഷം വടകര എം.ഡി.എം.എ കേസിലടക്കം ഷിന്റോയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.