കരിപ്പൂർ : ഗുളികരൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 656 ഗ്രാം സ്വർണം കരിപ്പൂർ പൊലീസ് പിടികൂടി. പള്ളിക്കൽ നെല്ലിപറമ്പൻ അബ്ദുറഹ്മാൻ (46)ആണ് പിടിയിലായത്. ജിദ്ദയിൽ നിന്ന് ബുധൻ രാത്രി 11നാണ് ഇയാൾ കരിപ്പൂരിലെത്തിയത്. കസ്റ്റംസിനെ വെട്ടിച്ച് ടെർമിനലിന് പുറത്ത് കടന്ന ഇയാളെ സംശയം തോന്നി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയതപ്പോഴാണ് സ്വർണം കൊണ്ടുവന്നതായി സമ്മതിച്ചത്.

വൈദ്യ പരിശോധന നടത്തി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച രണ്ട് ഗുളികകൾ പുറത്തെടുത്തു. 65 ലക്ഷം രൂപ വിലവരുന്നതാണ് സ്വർണം. കരിപ്പൂർ പൊലീസ് ഇൻസ്പെക്ടർ പി കെ പത്മരാജന്റെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡാണ് സ്വർണം പിടികൂടിയത്.