കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരിൽ വിദ്യാർഥിക്ക് നേരെ കുറുനരിയുടെ ആക്രമണം. കീഴുപറമ്പ് സ്വദേശി മാട്ടത്തൊടി നിസാമിന്റെ മകൻ ജസ്മൽ (12) നാണ് കാലിന് കുറുനരിയുടെ കടിയേറ്റത് . വെള്ളിയാഴ്ച ചെറുവാടി പള്ളിയിൽ നിന്നും നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം . ഉടൻ തന്നെ നാട്ടുകാർ ചേർന്ന് വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുട്ടിക്ക് ആവശ്യമായ അടിയന്തര പ്രതിരോധ കുത്തിവെപ്പും വിദഗ്ധ ചികിത്സയും നൽകിവരികയാണ്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ജനവാസ മേഖലയിൽ പകൽസമയത്ത് കുറുനരിയുടെ സാന്നിധ്യമുണ്ടായതും വിദ്യാർഥിയെ ആക്രമിച്ചതും നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.