വയനാട് :കാക്കവയൽ വാഴവറ്റയിൽ വാടക സ്റ്റോറിൽ മോഷണം. കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 80,000 രൂപ മോഷ്ടാവ് കവർന്നു. കടയുടെ പിൻവാതിൽ പൊളിച്ചാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി. മീനങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

വാഴവറ്റയിലെ തച്ചേരി തങ്കച്ചന്റെ ഉടമസ്ഥതയിലുള്ള മരിയാസ് വാടക സ്റ്റോറിലാണ് മോഷണം നടന്നത്. രാവിലെ ഏഴരയോടെ കട തുറക്കാനെത്തിയ തങ്കച്ചൻ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പണം കാണാതായതോടെ നടത്തിയ പരിശോധനയിലാണ് മോഷണവിവരം പുറത്തറിയുന്നത്. കടയുടെ പിൻഭാഗത്തെ മരവാതിലിൻ്റെ പലക പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ്, മേശവലിപ്പിൽ കെട്ടാക്കി സൂക്ഷിച്ചിരുന്ന 80,000 രൂപ അപഹരിക്കുകയായിരുന്നുവെന്ന് തങ്കച്ചൻ പറഞ്ഞു.

സംഭവത്തിൽ തങ്കച്ചൻ മീനങ്ങാടി പൊലീസിൽ പരാതി നൽകി. സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ് മോഷ്ടാവിനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്