തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഹയര്‍ സെക്കന്‍ഡറിയില്‍ 2,46,638 പേര്‍ക്ക് അലോട്ട്‌മെന്റ് ലഭിച്ചു. 71,264 സീറ്റ് ഒഴിവുണ്ട്. ആകെ 4,44,772 അപേക്ഷകളാണുള്ളത്.

ഇതില്‍ 43,735 പേര്‍ സ്വന്തം ജില്ലയ്ക്ക് പുറമെ സമീപ ജില്ലയില്‍കൂടി അപേക്ഷ നല്‍കിയവരാണ്. 3,17,902 മെറിറ്റ് സീറ്റുകളിലേക്കാണ് ഏകജാലക സംവിധാനത്തില്‍ പ്ലസ് വണ്‍ പ്രവേശനം നടക്കുക. വിഎച്ച്എസ് ഇയില്‍ 25,122 സീറ്റുകളിലേക്ക് ആദ്യ അലോട്ട്‌മെന്റ് നടന്നു. ആകെ മെറിറ്റ് സീറ്റ് 30,660.

അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് ബുധന്‍ വൈകിട്ട് അഞ്ച് വരെ പ്രവേശനം നേടാം. ആദ്യ ഓപ്ഷന്‍ ലഭിച്ചവര്‍ ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റു ഓപ്ഷനുകളില്‍ സ്ഥിരപ്രവേശനമോ താല്‍ക്കാലിക പ്രവേശനമോ നേടാം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാത്തവരെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. വിവരങ്ങള്‍ക്ക് https://www.hscap.kerala.gov.in പരിശോധിക്കാം.