തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ പദ്ധതി പ്രിയദർശിനിക്ക് ഡബിൾബെല്ലോടെ തുടക്കം. പദ്ധതിയിലെ ആദ്യ യാത്രാ ടിക്കറ്റുകൾ ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോൺ, മന്ത്രി കെ.എ. തുളസി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ കൈമാറി. ഫ്ലാഗ് ഓഫിന് പിന്നാലെ പദ്ധതിയിലെ ആദ്യ സൗജന്യ യാത്രാ ബസിൽ മുഖ്യമന്ത്രിയും ഗതാഗത വകുപ്പ് മന്ത്രിയും ജനപ്രതിനിധികളും യാത്ര ചെയ്തു.
ഇതൊരു അഭിമാനനിമിഷമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഈ പദ്ധതികൊണ്ട് സ്വകാര്യ ബസുകാർ ആശങ്കപ്പെടേണ്ടതില്ലെന്നും എന്തെങ്കിലും തരത്തിൽ നഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള നടപടി സർക്കാർ നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
'ഇതൊരു അഭിമാന നിമിഷം. അധികാരത്തിലെത്തി ഒരു മാസം തികയുന്നതിന് മുൻപ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം സർക്കാർ പാലിക്കുകയാണ്. ഇത് സ്ത്രീകൾക്ക് നൽകുന്ന ഒരു ഔദാര്യമായി കാണുന്നില്ല. ഇത് സാമൂഹികവും സാമ്പത്തികവുമായ പ്രതിഫലനങ്ങൾ ഉണ്ടാക്കും എന്ന് കരുതുന്നു. സർക്കാർ 800 കോടി രൂപ ചിലവാക്കുകയാണ്. അല്ലാതെ കെഎസ്ആർടിസിയെ സാമ്പത്തിക പ്രതിസന്ധിയിൽ ആക്കുകയല്ല'- ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. പ്രൈവറ്റ് ബസുകാർക്ക് ആശങ്ക ഉണ്ടാകും. നിങ്ങളും പബ്ലിക് സർവീസ് ആണ് നടത്തുന്നത് എന്ന് ഓർക്കുക. സ്വകാര്യമേഖലയ്ക്ക് ഈ പദ്ധതി കൊണ്ട് എന്തെങ്കിലും നഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള നടപടി സർക്കാർ ഉടൻ നടത്തുമെന്ന ഉറപ്പും മുഖ്യമന്ത്രി നൽകി.
സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സൗജ്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിക്കാണ് തുടക്കമായത്. തമ്പാനൂർ ബസ് ടെർമിനലിൽ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഓരോ ഡിപ്പോയിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികതല ഉദ്ഘാടനങ്ങളും നടന്നു.
സംസ്ഥാനത്താകെ 3125 ഓർഡിനറി ബസുകളിലാണ് സൗജന്യയാത്ര. ബസുകൾ തിരിച്ചറിയാൻ പ്രിയദർശിനി സ്റ്റിക്കർ പതിച്ചിട്ടുണ്ടാകും. തിരിച്ചറിയൽ കാർഡ് ആവശ്യമില്ല. കണ്ടക്ടറിൽ നിന്ന് ‘പ്രിയദർശിനി’ ടിക്കറ്റ് വാങ്ങണം. ഓർഡിനറി,സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി,ടൗൺ ടു ടൗൺ, ഫെയർസ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി ബസുകളിൽ സൗജന്യം ലഭിക്കും.