ദുബൈ: യു.എ.ഇയില്‍ ഈ ആഴ്ച കടുത്ത വേനല്‍ച്ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എന്‍.സി.എം) അറിയിച്ചു. രാജ്യത്തെ ഉള്‍പ്രദേശങ്ങളില്‍ താപനില 48 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. തീരപ്രദേശങ്ങളിലും ദ്വീപുകളിലും താപനില 36 മുതല്‍ 42 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. മലയോര മേഖലകളില്‍ 32 മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില അനുഭവപ്പെടും.
നാളെ (ചൊവ്വാഴ്ച) മുതല്‍ കാലാവസ്ഥയില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രവചനം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ പലയിടങ്ങളിലും പൊടിപടലങ്ങള്‍ ഉയരാനും ദൃശ്യപരത കുറയാനും ഇടയുണ്ട്. ബുധനാഴ്ച വരെ ഈ അവസ്ഥ തുടരാം. കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ എത്തിയേക്കാം. തീരദേശ മേഖലകളില്‍ രാത്രിയിലും പുലര്‍ച്ചെയും അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലായിരിക്കും. വ്യാഴം, വെള്ളി ദിവസങ്ങളോടെ കാലാവസ്ഥ മെച്ചപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു